ശ്രദ്ധ കൊലപാതകം: പ്രതി അഫ്താബിന് നേരെ വധശ്രമം; പൊലീസ് ജീപ്പ് ആക്രമിച്ചത് ഹിന്ദുസേന

By Web TeamFirst Published Nov 28, 2022, 7:26 PM IST
Highlights

വാളു കൊണ്ട് പൊലീസ് വാഹനത്തിൽ പ്രതികൾ വെട്ടി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

ദില്ലി: ദില്ലിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫ്താബിനെ കൊണ്ടു പോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. രോഹിണിയിലെ ഫൊറൻസിക് ലാബിൽ നിന്ന് അഫ്താബിനെ പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. വാളുമായി എത്തിയവർ പൊലീസ് വാൻ ഡോർ വലിച്ച് തുറന്ന് അഫ്താബിനെ ആക്രമിക്കാൻ ശ്രമിച്ചു. ഹിന്ദു സേന പ്രവർത്തർ എന്ന് അവകാശപ്പെടുന്നവരാണ് വാളുമായി എത്തിയത്. ആക്രമിക്കാൻ എത്തിയവരിൽ നിന്ന് പോലീസ് വാളുകൾ പിടിച്ചെടുത്തു. നാർക്കോ പരിശോധനക്കായാണ് അഫ്താബിനെ ലാബിലെത്തിച്ചത്. വാളു കൊണ്ട് പൊലീസ് വാഹനത്തിൽ പ്രതികൾ വെട്ടി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

ശ്രദ്ധ കൊലപാതക കേസിൽ ഇന്ന് നിർണായകമായ ഒരു തെളിവ് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വെട്ടാൻ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെടുത്തതാണിത്. മൃതദേഹം വെട്ടാൻ  ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചതായാണ് പോലീസിൻറെ നിഗമനം. അഫ്താബിൻറെ ഫ്ലാറ്റിൽ നിന്നും നേരത്തെയും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം വെട്ടുന്നതിന് മുൻപ് ശ്രദ്ധയുടെ മോതിരം അഫ്താബ് അഴിച്ചുമാറ്റി എന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം അഫ്താബ് ഇത് താനുമായി പ്രണയത്തിലായ മറ്റൊരു സ്ത്രീക്ക് നൽകിയെന്നും പൊലീസ് പറയുന്നു.

തിഹാറിലെ നാലാം നമ്പർ ജയിയിലിലേക്കാണ് അഫ്താബിനെ മാറ്റിയത്. ഇയാൾക്ക് അടുത്ത ഘട്ടം പോളിഗ്രാഫ് പരിശോധനയും ഈ ആഴ്ച്ച നടത്തും. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം അഫ്താബ് മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചുവെന്നാണ് പൊലീസ് ഒടുവിൽ കണ്ടെത്തിയ വിവരം. ദില്ലിയിൽ തന്നെയുള്ള ഒരു സൈക്കോളജിസ്റ്റാണിത്. ശ്രദ്ധയെ പരിചയപ്പെട്ട ബംബിൾ ആപ്പിലൂടെ തന്നെയാണ് അഫ്താബ് അടുപ്പമുണ്ടാക്കിയത്. 

2020 നവംബറിൽ അഫ്താബ് തന്നെ കൊലപ്പെടുത്തി വെട്ടി കഷ്ണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി  ശ്രദ്ധ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം പ്രശ്നം പരിഹരിച്ചുവെന്ന് വ്യക്തമാക്കി ശ്രദ്ധ തന്നെ പരാതി പിൻവലിച്ചു എന്നാണ് മുംബൈ പൊലീസ് ദില്ലി പൊലീസിന് കൈമാറിയ വിവരം. കേസിൽ അഫ്താബിൻറെ അച്ഛനമ്മമാരും, സുഹൃത്തുക്കളും ഉൾപ്പടെ ഇരുപതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്താബിൻറെ രക്ഷിതാക്കൾ ദില്ലി വിട്ടതായി പൊലീസ് നേരത്തെ സംശയിച്ചിരുന്നു. എന്നാൽ ഇവരെ കണ്ടെത്തി മൊഴി എടുക്കുകയായിരുന്നു.  

click me!