'നിങ്ങളെയോർത്ത് ലജ്ജിക്കുന്നു': 144 നടപ്പാക്കിയതിൽ യെദ്യൂരപ്പയ്ക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ

By Web TeamFirst Published Dec 19, 2019, 3:27 PM IST
Highlights

'പുരോഗമനവാദിയെന്നു കരുതിയ യെദ്യൂരപ്പ  മോദിയുടെ താളത്തിനൊത്തു തുള്ളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'

ബെംഗളൂരു: പൗരത്വനിയമ ഭേഗഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പാക്കിയതിൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

'ഭരണഘടനാ മൂല്യങ്ങൾക്കുനേരെയുള്ള തുടർച്ചയായ അതിക്രമങ്ങൾക്കെതിരെ സമാധാനപരമായി പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശവും കൂടി നിരോധനാജ്ഞവഴി എടുത്തുകളയാനുള്ള സമയമാണിത്. പുരോഗമനവാദിയെന്നു കരുതിയ യെദ്യൂരപ്പ  മോദിയുടെ താളത്തിനൊത്തു തുള്ളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു യെദ്യൂരപ്പ' - സിദ്ധരാമയ്യ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.

പൗരത്വനിയമ ഭേഗഗതിക്കെതിരെ നഗരത്തിലെ ടൗൺഹാളിനു മുമ്പിൽ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ ചരിത്രകാരൻ രാമചന്ദ്രഗുഹ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപട്ടിക എന്നിവയ്ക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചത് കണക്കിലെടുത്താണ് സംസ്ഥാനത്ത് മൂന്നു ദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നിരോധനജ്ഞ പ്രഖ്യാപിച്ചത്.

ബെംഗളൂരുവിൽ പ്രതിഷേധ റാലികൾക്ക് അനുമതി നൽകില്ലെന്ന് സിറ്റിപൊലീസ് കമ്മീഷണർ ഭാസ്കർ റാവുവും അറിയിച്ചിരുന്നു. വെള്ളിയാഴ്ച്ച അർദ്ധരാത്രിവരെയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ. 

click me!