'സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്'; ജാമ്യപേക്ഷയെ എതിർത്ത് യുപി സർക്കാർ

By Web TeamFirst Published Sep 6, 2022, 12:39 PM IST
Highlights

സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സർക്കാർ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു.

ദില്ലി: ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യുപി സർക്കാർ. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും കാമ്പസ് ഫ്രണ്ടുമായും അടുത്ത ബന്ധമെന്ന് യുപി സർക്കാർ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന് തുർക്കിയിലെ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു.

സിദ്ദിഖ് കാപ്പൻ തേജസ് ദിനപത്രത്തിൽ പ്രവർത്തിച്ചതാണ് പോപ്പുലർ ഫ്രണ്ടുമായുുള്ള ബന്ധത്തിന് ഒരു തെളിവായി യുപി സർക്കാർ വിശദീകരിക്കുന്നത്. അറസ്റ്റിലാകുമ്പോൾ സിദ്ദിഖ് കാപ്പന്‍റെ കൈവശം തേജസ് പത്രത്തിന്‍റെ രണ്ടു ഐഡി കാർഡുകളും വാഹനത്തിൽ ചില ലഘുലേഖകളും ഉണ്ടായിരുന്നു. കാപ്പന്‍റെ അക്കൗണ്ടിൽ എത്തിയ 45000 രൂപയ്ക്ക് വിശദീകരണം കിട്ടിയില്ലെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നത്. 

തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്ഐ പണം നൽകിയെന്നത് ആരോപണം മാത്രമാണെന്നും കാപ്പന് വേണ്ടി ഹാജറായ അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. പിഎഫ്ഐ നിരോധിതസംഘടനയല്ലെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ, സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർ കലാപക്കേസുകളിൽ പ്രതികളാണെന്ന് യുപി സർക്കാരും വാദിച്ചിരുന്നു. ഒരാൾ ദില്ലി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർകേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെയാണ് കേസിൽ യുപി സർക്കാരിന് കോടതി നോട്ടീസ് അയച്ചത്.

Also Read:  'പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ അടക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ മകള്‍'; വൈറലായി പ്രസംഗം

കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം  നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. 

click me!