'അജയ് മിശ്ര മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ നീതി നടപ്പാകില്ല'; ഉടന്‍ പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി

By Web TeamFirst Published Oct 11, 2021, 5:06 PM IST
Highlights

പെട്രോളിയം ഉൽപന്നങ്ങളുടെ കേന്ദ്ര എക്സൈസ് തിരുവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട യെച്ചൂരി, എയർ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്ന് വിമര്‍ശിച്ചു.

ദില്ലി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ (ajay mishra) മന്ത്രിസഭയില്‍ നിന്ന് ഉടൻ പുറത്താക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram yechury). അജയ് മിശ്ര ഈ സ്ഥാനത്ത് ഇരിക്കുമ്പോൾ നീതി നടപ്പാകില്ലെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം, എയർ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

പെട്രോളിയം ഉൽപന്നങ്ങളുടെ കേന്ദ്ര എക്സൈസ് തിരുവ ഒഴിവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസുമായി സഖ്യം ചേരുന്നതിനെ തള്ളാതിരുന്ന സീതാറാം യെച്ചൂരി, മൂന്നാം മുന്നണിയെ തള്ളി. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ചായിരിക്കും സഖ്യം ഉണ്ടാക്കുക. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴത്തെ നയം തുടരും. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുന്നണികൾക്ക് പ്രസക്തിയുള്ളൂ എന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ കൊവിഡ് വാക്സിനേഷൻ്റെ വേഗത കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ല: സിപിഎം പിബി വിലയിരുത്തൽ

കോൺഗ്രസ്സിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ  ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പിബിയിലും വിലയിരുത്തിയിരുന്നു. ഇപ്പോഴും ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്നാണ് സിപിഎം പിബിയില്‍ വാദമുയർന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിർവാദവുമുണ്ടായി. നിലവിലെ  സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ  വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി.

click me!