തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരി വീട്ടിലെത്തി; ഇന്ന് കശ്മീരിൽ തങ്ങണമെന്ന് ആവശ്യം

By Web TeamFirst Published Aug 29, 2019, 1:28 PM IST
Highlights

ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലേക്ക് പോയി. 

ശ്രീനഗര്‍: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി. സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്. 

ശ്രീനഗര്‍ വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലേക്ക് പോയി. ഇന്ന് കശ്മീരിൽ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. തരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. 

മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലേക്ക് എത്തിയ രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ഇങ്ങനെ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് തരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്.

click me!