യുക്രൈനിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നു; എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി

Web Desk   | Asianet News
Published : Feb 23, 2022, 09:43 PM IST
യുക്രൈനിലെ സ്ഥിതി  നിരന്തരം നിരീക്ഷിക്കുന്നു; എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി

Synopsis

ഓൺലൈൻ ക്ളാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 

ദില്ലി: യുക്രൈനിലെ (Ukraine)  സ്ഥിതി ഇന്ത്യ (India)  നിരന്തരം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ (S Jaishanker) . അവിടെ തുടരാൻ അത്യാവശ്യമില്ലാത്തവർ മടങ്ങുക തന്നെ വേണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ക്ളാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് ഇന്നലെ മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ദില്ലിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.

യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളുമായി ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണ് ദില്ലിയിലെത്തിയത്. ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി മറ്റു വിമാനങ്ങൾക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.

അതേസമയം, യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ട് പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്‍റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.

ഇപ്പോൾ യുക്രൈനിലുള്ള പാവ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന പ്രവിശ്യകളായ ഡൊണസ്ക്, ലുഹാൻസ്കെ എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യൻ അനുകൂലികളുടെ ഈ പ്രവിശ്യകളിലേക്ക് റഷ്യ സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളിൽ സമാധാനം ഉറപ്പിക്കാനാണെന്നുമാണ് പുടിന്‍ പറഞ്ഞത്. പുടിന്‍റെ സൈനിക നീക്കത്തോട്  കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. സൈന്യത്തെ അയച്ച റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന്  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചു. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു.

റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന്  ഐക്യരാഷ്ട്ര സഭ മേധാവി അന്‍റോണിയോ ഗുട്രസ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര യുഎൻ രക്ഷാ സമിതി യോഗത്തിൽ ലോകരാജ്യങ്ങൾ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു. അതിർത്തികൾ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. റൂഹ്സ്യൻ പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം