
ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മനുഷ്യാസ്ഥിയെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ മാലിന്യക്കുഴിയിൽ നിന്നാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ 16 ന് കരാർ തൊഴിലാളികൾ കാർ പാർക്കിന് സമീപമുള്ള മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടെത്തിയത്. തലയോട്ടിയിലെ കഷണങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നു. തൊഴിലാളികൾ ഉടൻ തന്നെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) മേധാവിയെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അവശിഷ്ടങ്ങൾ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ബെഗൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പരിശോധനാ ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കും. സംഭവത്തിൽ ദുരൂഹത വർധിച്ചതൊപ്പം ഈ സ്ഥലം ഒരുകാലത്ത് ശ്മശാന ഭൂമിയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്തെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് ഫോറൻസിക് റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 45 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ മഴവെള്ള മാനേജ്മെന്റ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നില്ല.
പരാതിയെ തുടർന്നാണ് ജോലിക്കായി തൊഴിലാളികൾ എത്തിയത്. അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഇത്തരത്തിലുള്ള 16 കുഴികളുണ്ടെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഒന്നിൽ മാത്രമാണ്. സംഭവം പല താമസക്കാരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 194(3)(iv) പ്രകാരമാണ് ബേഗൂർ പൊലീസ് സംഭവം അന്വേഷിക്കുന്നത്.