
ഭുവനേശ്വർ: വിരമിച്ച അധ്യാപകനിൽ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാത്തതിന് ക്ലാസമുറിയിൽ വച്ച് മർദ്ദനമേറ്റ 16 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം. 10,000 രൂപ കടം വാങ്ങിയെങ്കിലും തിരിച്ച് നൽകാത്തതിനെ തുടർന്നാണ് മുൻ അധ്യാപകൻ ക്ലാസ് മുറിയിലെത്തി കുട്ടിയെ അടിച്ചത്. ഭോജ്പൂരിലെ ബിആർജി പ്ലസ്-2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുകയായിരുന്നു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.
ജമൻകിര കോളേജിലെ വിരമിച്ച അധ്യാപകനിൽ നിന്ന് വിദ്യാർത്ഥി 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വിദ്യാർത്ഥിയെ അടിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ, വിരമിച്ച അധ്യാപകൻ തിങ്കളാഴ്ച കുട്ടി പഠിക്കുന്ന ബിആർജി കോളേജിലെത്തി ക്ലാസ് മുറിയിൽ വിദ്യാർത്ഥിൾക്ക് മുന്നിൽ വച്ച് കുട്ടിയെ അടിക്കുകയായിരുന്നു.
സഹപാഠികളുടെ മുന്നിൽ അപമാനിതനായ കുട്ടി മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ചതായി പൊലീസ് പറഞ്ഞു. കുട്ടി ഇപ്പോൾ കുച്ചിന്ദ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും കുച്ചിന്ദ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ശോഭാകര സേട്ട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam