
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് രാഹുലിനെതിരെ മത്സരിക്കാനില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽനിന്ന് എങ്ങോട്ടും ഓടിപ്പോകില്ലെന്നും സ്മൃതി ഇറാനി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായിരുന്നു അമേഠി. നെഹ്റു കുടുംബം ഏറെക്കാലമായി പാർലമെന്റിലെത്തിയത് അമേഠി മണ്ഡലത്തിൽ നിന്ന് ജയിച്ചായിരുന്നു. 2014ൽ രാഹുലിനെതിരെ അമേഠിയിൽ മത്സരിച്ച് തോറ്റ് സ്മൃതി ഇറാനി 2019ലും രാഹുലിനെതിരെ മത്സരിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഞെട്ടിച്ച് വൻ വിജയമാണ് സ്മൃതി ഇറാനി നേടിയത്.
രാഹുൽ ഗാന്ധി വായനാട്ടിൽ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടിലെ നിരവധി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ആദിവാസി മേഖലയിലുള്ളവർ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 2023ഓടെ എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കളക്ടറുമായി സാമൂഹ്യ നീതി വകുപ്പിനോടും കേന്ദ്രമന്ത്രി പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരണം തേടി.