
ദില്ലി: ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മനീഷ് സിസോദിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്‌സേന അനുമതി നല്‍കിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി തേടിയത്.
2015 ല്‍ ദില്ലിയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ശേഷം ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ഫീഡ്ബാക്ക് യൂണിറ്റ് രൂപവത്കരിച്ചുവെന്ന റിപ്പോര്‍ട്ടിലാണ് സിബിഐ അന്വേഷണം. മനീഷ് സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് എന്നാണ് ആരോപണം. മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ ഫോണുകൾ ഇവർ വഴി ചോർത്തിയെന്നും സിബിഐ ആരോപിക്കുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലൻസ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സർക്കാർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതൽ സംഘം പ്രവർത്തനം തുടങ്ങി. വ്യക്തികൾ സ്ഥാപനങ്ങൾ വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
മറ്റ് ഏജൻസികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനമെന്നാണ് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 1 കോടി രൂപ സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചു. രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നഷ്ടമായി. 8 മാസത്തിനിടെ 700 കേസുകളിൽ അന്വേഷണം നടത്തിയതിൽ 60 ശതമാനവും രാഷ്ട്രീയ താൽപര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും സിബിഐ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam