സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് കേന്ദ്രം, സുപ്രീംകോടതിയിൽ മാർഗരേഖ നൽകാൻ 3 മാസം സമയം തേടി

By Web TeamFirst Published Oct 21, 2019, 7:24 PM IST
Highlights

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹ‍ർജികൾ പരിഗണിക്കവേ കഴിഞ്ഞമാസമാണ് കേന്ദ്രത്തോട് സുപ്രീം കോടതി നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. 

ദില്ലി: സമൂഹ മാധ്യമങ്ങൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ മൂന്ന് മാസത്തിനകം കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടു വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസം സുപ്രീം കോടതി കേന്ദ്രത്തിന് ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിന് മൂന്ന് ആഴ്ചത്തെ സമയം നൽകിയിരുന്നു. ഈ സമയം നീട്ടിചോദിക്കുകയാണ് കേന്ദ്രം ഇന്നത്തെ സത്യവാങ്ങ്മൂലത്തിലൂടെ ചെയ്തിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നയരൂപീകരണത്തിന്‍റെ കാര്യത്തിൽ അഭിപ്രായം ആരാഞ്ഞത്.

സാമൂഹ്യമാധ്യമങ്ങളിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് തന്നെയായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നിലവിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണവും തടയാൻ എന്തൊക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇനി എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നും അറിയിക്കാനായിരുന്നു സുപ്രീം കോടതി നിർദ്ദേശം.

click me!