
ദില്ലി: ഉത്തർപ്രദേശിലെ ഹൈവേയിൽ സോഷ്യൽ മീഡിയ സ്റ്റാറിന്റെ തോക്കുമായുള്ള നൃത്തം വിവാദത്തിൽ. സിമ്രാൻ യാദവ് എന്ന സാമൂഹ്യമാധ്യമങ്ങളിലെ താരമാണ് ലഖ്‌നൗവിലെ ഹൈവേയിൽ തോക്ക് ചൂണ്ടി ഭോജ്‌പുരി ഗാനത്തിന് ചുവടുകൾ വെച്ചത്. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വരികയായിരുന്നു. ഹൈവേയിൽ നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാൺജി ചൗധരി എന്നയാൾ പൊലീസ് പരാതി നൽകുകയായിരുന്നു.
22 സെക്കൻഡ് ദൈർഘ്യമുള്ള സിമ്രാന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കല്യാൺജി ചൗധരിയുടെ പരാതി. ഹൈവേയിൽ തോക്കുമായി നൃത്തം ചെയ്തതിനാൽ നിയമം ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ചൗധരി പറയുന്നത്. ലഖ്‌നൗ പൊലീസിൻ്റെ നിരവധി ഔദ്യോഗിക അക്കൗണ്ടുകളും അദ്ദേഹം തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയ്‌ക്കെതിരെ ഉത്തർപ്രദേശ് പൊലീസ് പ്രതികരിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ ലഖ്‌നൗ പൊലീസിനോട് നിർദ്ദേശിച്ചുവെന്ന് യുപി പൊലീസിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ മറുപടി നൽകുകയായിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലഖ്‌നൗ പൊലീസ് പറഞ്ഞു. അതേസമയം, നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. ഇത്തരം തമാശക്കാർക്ക് കനത്ത പിഴ ചുമത്തണമെന്നാണ് ചിലരുടെ വാദം. ഇത്തരം അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സിമ്രാൻ യാദവ് തൻ്റെ ബയോയിൽ ലഖ്‌നൗ ക്വീൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam