
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
പൂഞ്ചിലും കുപ്‍വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. കശ്‍മീരികളാണ് മരിച്ചവരെല്ലാം. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ സലാമാബാദിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നത്.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ ഇന്ത്യ അടച്ചു. ഇന്ത്യ ഒരു സൈനിക കേന്ദ്രത്തെ പോലും ആക്രമിച്ചിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷിയും വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam