Latest Videos

'നഷ്ടമായത് പകരം വെക്കാനാകാത്ത സുഹൃത്തിനെ', അഹമ്മദ് പട്ടേലിന്റെ വിയോ​ഗത്തിൽ സോണിയാ ​ഗാന്ധി

By Web TeamFirst Published Nov 25, 2020, 10:04 AM IST
Highlights

ദില്ലിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് അഹമ്മദ് പട്ടേലിന്റെ അന്ത്യം. ഈ പ്രതിസന്ധി കാലത്ത് കോൺ​ഗ്രസിന് വലിയ തിരിച്ചടികൂടയാണ് അഹമ്മദ് പട്ടേലിന്റെ വിയോ​ഗം.

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. പകരം വെക്കാനാകാത്ത ഒരു സുഹൃത്തിനെയാണ് നഷ്ടമായത് സോണിയാഗാന്ധി പ്രതികരിച്ചു. അതേസമയം അഹമദ് പട്ടേലിന്റെ സംസ്കാര ചടങ്ങുകൾ ഗുജറാത്തിലെ ബറൂച്ചിലാകും നടക്കുക. മൃതദേഹം ബറൂച്ചിലേക്ക് കൊണ്ടുപോകും. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കില്ല. 

ദില്ലിയിൽ കൊവിഡ് ചികിത്സയിലിരിക്കെയാണ് അഹമ്മദ് പട്ടേലിന്റെ അന്ത്യം. ഈ പ്രതിസന്ധി കാലത്ത് കോൺ​ഗ്രസിന് വലിയ തിരിച്ചടികൂടയാണ് അഹമ്മദ് പട്ടേലിന്റെ വിയോ​ഗം. ഓർമ്മയാകുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞരിൽ ഒരാളെയാണ്. സോണിയാഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു അഹമ്മദ് പട്ടേൽ. 

അഹമ്മദ് പട്ടേലിന്റെ വിയോ​ഗത്തിൽ പ്രധാനമന്ത്രിയടക്കം പ്രമുഖ നേതാക്കൾ അനുശോചിച്ചു. കോൺ​ഗ്രസിനെ ശക്തിപ്പെടുത്തിയതിൽ പ്രധാന പങ്കുവ​ഹിച്ച നേതാവാണ് അഹമ്മദ് പട്ടേലെന്ന് മോദി പറഞ്ഞു.  'അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ ഖേദിക്കുന്നു. പൊതുപ്രവർത്തകനായി അദ്ദേഹം വർഷങ്ങളോളം സമൂഹത്തെ സേവിച്ചു. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓർമ്മിക്കപ്പെടും മകൻ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'-  എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കുറിപ്പ്.

'ഇന്നത്തെ ദിവസം ദുഖകരമാണ്. കോൺഗ്രസ് പാർട്ടിയുടെ നെടും തൂണായിരുന്നു ശ്രീ അഹമ്മദ് പട്ടേൽ. കോൺഗ്രസിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാർട്ടിയുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിലും പാർട്ടിക്കൊപ്പം നിലകൊണ്ടു. അദ്ദേഹം പാർട്ടിക്ക് എന്നും മുതൽക്കൂട്ടായിരുന്നു. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു'- എന്ന് രാഹുൽ ഗാന്ധിയും കുറിക്കുന്നു.

'അഹമ്മദ് ജി ഒരു ബുദ്ധിമാനും പരിചയസമ്പന്നനുമായ ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല, ഞാൻ നിരന്തരം ഉപദേശങ്ങൾക്കായി സമിപിച്ചിരുന്ന ഒരാൾ കൂടി ആയിരുന്നു. ഞങ്ങൾക്കെല്ലാം വിശ്വസ്ഥനും എന്നും ആശ്രയിക്കാൻ കഴിയുന്ന ഒരു സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല..'- എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. കോൺഗ്രസിന്റെ മുതിർന്ന നേതാവും ദീർഘകാലം പാർലമെന്റേറിയനുമായ അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

click me!