2024 പൊതുതെരഞ്ഞെടുപ്പ്: ഭീം ആര്‍മിയുമായി സഖ്യത്തിന് നീക്കം ശക്തമാക്കി എസ്.പി

By Web TeamFirst Published Jan 8, 2023, 4:17 PM IST
Highlights

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദുമായി അഖിലേഷ് യാദവ് ഇന്നലെ ചർച്ച നടത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യസാധ്യത ശക്തിപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ ബിജെപിയെ നേരിടാൻ പുതിയ സാധ്യതകള്‍ തേടി സമാജ്‍വാദി പാര്‍ട്ടി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദുമായി അഖിലേഷ് യാദവ് ഇന്നലെ ചർച്ച നടത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യസാധ്യത ശക്തിപ്പെടുത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരെ ബിജെപി ഉപയോഗിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചന്ദ്രശേഖർ ആസാദ് വി‍മർശിച്ചു

സീറ്റ് വീതം വെപ്പില്‍ ധാരണയിലെത്താഞ്ഞതോടെയാണ് ഇക്കഴിഞ്ഞ  നിയമസഭ തെര‍ഞ്ഞെടുപ്പില്‍ ഭീം ആർമി - എസ്.പി സഖ്യ  ചർച്ചകള്‍ പൊളിഞ്ഞത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കെ സഖ്യ സാധ്യതകള്‍ വീണ്ടും തേടുകയാണ് അഖിലേഷ് യാദവ് . ഇന്നലെ ലക്നൗവില്‍ വച്ചായിരുന്നു ചന്ദ്രശേഖർ ആസാദ്  അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സംസ്ഥാന  സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ഉയർത്തിക്കാട്ടി ജനപിന്തുണ തേടുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് സൂചന. 

സർക്കാരിനെതിരെ യുപിയില്‍ സമരം തുടങ്ങാനും ഭീം ആര്‍മി ആലോചന നടത്തുന്നുണ്ട്. ഇക്കാര്യവും ചർച്ചയായതായി ചന്ദ്രശേഖർ ആസാദ് വെളിപ്പെടുത്തി. ഭീം ആര്‍മിയുമായി സഖ്യം ഉണ്ടാക്കുന്നത് പരിഗണനയിലുണ്ടെന്നും സാഹചര്യങ്ങള്‍ പുരോഗമിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും  സമാജ്‍വാദി പാര്‍ട്ടിവൃത്തങ്ങളും വ്യക്തമാക്കി. എസ് പി സഖ്യകക്ഷിയായ ആർഎൽഡിയുമായി ഭീം ആർമി നല്ല ബന്ധം പുലർത്തുന്നതും എസ്പി ഭീം ആര്‍മി സഹകരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ബിഹാറില്‍  ജാതി സെൻസസിന്‍റെ ആദ്യ ഘട്ടം ആരംഭിച്ച സാഹചര്യത്തില്‍ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി സെന്‍സസ് എന്ന ആവശ്യം  ഉയര്‍ത്താനും ഭീം ആർമി ശ്രമം  നടത്തിയേക്കും.

click me!