മാസ്ക്, സാനിട്ടൈസർ, ഫേസ്ഷീൽഡ്, പ്രതിരോധ ശേഷിക്ക് ടീ ബാ​ഗ്; എംപിമാർക്ക് കൊവിഡ് കിറ്റ് നൽകി സ്പീക്കർ

By Web TeamFirst Published Sep 14, 2020, 2:09 PM IST
Highlights

ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന 40 ഡിസ്‌പോസബിള്‍ മാസ്‌ക്കുകള്‍ വീതം അടങ്ങുന്നതാണ് കിറ്റ്


ദില്ലി: വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ സഭാംഗങ്ങള്‍ക്കും സ്പീക്കര്‍ കോവിഡ് കിറ്റ് വിതരണം ചെയ്തു. 18 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം. സഭാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഎം തയ്യാറാക്കിയ കോവിഡ് കിറ്റാണ് എംപിമാര്‍ക്ക് നല്‍കിയത്.

സ്പീക്കര്‍ ഒ എം ബിര്‍ള ഞായറാഴ്ചയാണ് കിറ്റ് സഭാംഗങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്തത്. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന 40 ഡിസ്‌പോസബിള്‍ മാസ്‌ക്കുകള്‍ വീതം അടങ്ങുന്നതാണ് കിറ്റ്. അഞ്ച് എന്‍ -95 മാസ്‌ക്, 50 മില്ലിയുടെ 20 കുപ്പി സാനിറ്റൈസര്‍, ഫെയ്‌സ് ഷീല്‍ഡ്, 40 ജോടി ഗ്ലൗസ്, വാതിലുകള്‍ തുറക്കുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്തുന്നിന് ടച്ച് ഫ്രീ ഹുക്ക്, രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ടീ ബാഗ് തുടങ്ങിയവയാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ലഘുലേഖയും കിറ്റിലുണ്ട്.സെപ്റ്റംബര്‍ 14ന് ആരംഭിക്കുന്ന സഭാ സമ്മേളനം ഒക്ടോബര്‍ ഒന്നിനാണ് അവസാനിക്കുക. തുടർച്ചയായ ദിവസങ്ങളിലാണ് സഭ ചേരുന്നത്. രാജ്യത്ത് കോവിഡിനെ തുടര്‍ന്നുളള അസാധാരണ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സഭ ചേരുന്നത്. ഭരണഘടനാപരമായ ഉത്തരവാദികള്‍ നിര്‍വഹിക്കുന്നതൊടൊപ്പം കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ സഭാംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
 
 

click me!