Latest Videos

മോദി ധരിച്ച് വൈറലായ പ്ലാസ്റ്റിക്കിൽ നിന്നുള്ള ജാക്കറ്റ്; രഹസ്യങ്ങൾ പങ്കുവച്ച് ജാക്കറ്റിന്‍റെ ശിൽപ്പി സെന്തിൽ!

By Web TeamFirst Published Feb 14, 2023, 5:38 PM IST
Highlights

സ്‌പെഷ്യൽ ജാക്കറ്റിന്റെ നിർമ്മാതാക്കളായ ശ്രീ റെംഗ പോളിമേഴ്‌സിന്റെ മാനേജിംഗ് പാർട്ണറായ സെന്തിൽ ശങ്കർ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജാക്കറ്റിന്‍റെ നിർമ്മാണത്തിന് പിന്നിലെ കാര്യങ്ങൾ മൊത്തം വിവരിച്ചു.

ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മറുപടി പറയാൻ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച ജാക്കറ്റ് വലിയ ശ്രദ്ധയാണ് നേടിയത്. പ്ലാസ്റ്റിക് (പിഇടി) കുപ്പികളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിർമ്മിച്ച ജാക്കറ്റാണ് മോദി അന്ന് ധരിച്ചത്. ഇളം നീല സ്ലീവ് ലെസ് ജാക്കറ്റ്, ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യുന്നതിനായി ഫെബ്രുവരി ആറിന് ബംഗളുരു സന്ദർശിച്ചപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് പ്രധാനമന്ത്രിക്ക് കൈമാറിയത്. രാജ്യമാകെ വാർത്താ പ്രാധാന്യം നേടി ഈ ജാക്കറ്റിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രമാകട്ടെ ചെന്നൈ സ്വദേശിയായ സെന്തില്‍ ശങ്കറായിരുന്നു. സ്‌പെഷ്യൽ ജാക്കറ്റിന്റെ നിർമ്മാതാക്കളായ ശ്രീ റെംഗ പോളിമേഴ്‌സിന്റെ മാനേജിംഗ് പാർട്ണറായ സെന്തിൽ ശങ്കർ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജാക്കറ്റിന്‍റെ നിർമ്മാണത്തിന് പിന്നിലെ പിന്നിലെ കാര്യങ്ങൾ മൊത്തം വിവരിച്ചു.

അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ

ചോദ്യം 1: പ്ലാസ്റ്റിക്കിൽ നിന്ന് ജാക്കറ്റ് നിർമ്മിക്കാനുള്ള ഈ ആശയം എങ്ങനെ ലഭിച്ചു?

റീസൈക്കിൾ ചെയ്ത പോളിസ്റ്ററുകളുടെ നിർമ്മാണ മേഖലയിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കവെയാണ് ഈ ആശയം ജനിച്ചത്. പ്ലാസ്റ്റിക്ക് കുപ്പികൾ എടുത്ത് പോളിസ്റ്റർ നാരുകളാക്കി മാറ്റി, ശേഷം നാരുകൾ നൂലായും പിന്നീട് തുണിയായും വസ്ത്രമായും മാറ്റുന്നതാണ് രീതി. ഇത് വലിയ തോതിൽ പ്രചരിപ്പിക്കേണ്ട ആശയമാണെന്ന് തോന്നിയതുകൊണ്ടാണ് പ്രധാനമന്ത്രിക്കുള്ള ജാക്കറ്റിലേക്ക് കാര്യങ്ങൾ എത്തിയത്. ഒരു ബ്രാൻഡ് ആരംഭിക്കുന്നതിനും അവബോധം വളർത്തുന്നതിനും ആളുകളെ സുസ്ഥിര ഫാഷൻ സ്വീകരിക്കുന്നതിനും ഇത് ഗുണം ചെയ്യുകയും ചെയ്തു. പ്ലാസ്റ്റിക്കിൽ നിന്ന് വസ്ത്രം എന്നത് പൊതുജനങ്ങളെ ബോധവത്കരിക്കണം, അത് മാറ്റം കൊണ്ടുവരും. പ്രധാനമന്ത്രി മോദി ജാക്കറ്റ് ധരിച്ച് നൽകിയത് വലിയ അംഗീകാരമാണ്. ഇതിന് ശേഷം പ്ലാസ്റ്റികിക്കിൽ നിന്നുള്ള വസ്ത്ര നിർമ്മാണത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇത് നൽകുന്ന പ്രചോദനം ചെറുതല്ല.

2 എങ്ങനെയാണ് ഈ ജാക്കറ്റ് നിർമ്മിച്ചത്?

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച ശേഷം അവയെ കംപ്രസ് ചെയ്താണ് വസ്ത്ര നിർമ്മാണത്തിലേക്ക് എത്തുക. ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ വിവിധ ഇടങ്ങളിൽ നിന്ന് ഞങ്ങളുടെ വിതരണക്കാർ ശേഖരിക്കും. ശേഷം ഈ പ്ലാസ്റ്റിക്ക് കുപ്പികൾ കംപ്രസ് ചെയ്യും. കംപ്രസ് ചെയ്തുമ്പോൾ കുപ്പികളുടെ അടപ്പും മറ്റും ഒഴിവാക്കും. അതിനുശേഷം കുപ്പികൾ യന്ത്ര സഹായത്താൽ ഞെരുക്കി അമർത്തി അടരുകളാക്കി മാറ്റും. ശേഷം ഉണക്കലും ഉരുക്കലും മറ്റും ചെയ്ത് ഇവയെ നാരുകളാക്കി മാറ്റും. റീസൈക്കിൾ ചെയ്ത പോളിസ്റ്റർ നാരുകളാക്കിക്കഴിഞ്ഞാൽ, അത് നൂലും തുണിയും ഉൾപ്പെടുന്ന പരമ്പരാഗത ടെക്സ്റ്റൈൽ പ്രക്രിയയിലേക്ക് എടുക്കുകയും തുടർന്ന് ആവശ്യമുള്ള രൂപത്തിൽ മുറിക്കുകയും ചെയ്യും. ശേഷം വസ്ത്ര നിർമ്മാണം പൂർത്തിയാക്കാം.

3 നിങ്ങളുടെ കമ്പനി എങ്ങനെയാണ് പ്രധാനമന്ത്രിയെ സമീപിച്ചത്?

പ്രധാനമന്ത്രി സ്വയം തെരഞ്ഞെടുത്തതാണ് ഞങ്ങളുടെ കമ്പനിയുടെ ജാക്കറ്റ്. അദ്ദേഹത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ട വിവിധങ്ങളായ വസ്ത്രങ്ങളിൽ നിന്നാണ് പ്രധാനമന്ത്രി ഞങ്ങളുടെ നീല ജാക്കറ്റ് തിരഞ്ഞെടുത്തത്.

ഇന്ത്യൻ എനർജി വീക്കിനായി ആദ്യം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഞങ്ങളെ സമീപിച്ചിരുന്നു. നേരത്തെ ചന്ദന കളറിലുള്ള ഒരു ജാക്കറ്റ് ഞങ്ങൾ ഹർദീപ് സിംഗ് പുരിക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹം അത് ധരിക്കുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതിൽ നിന്നാണ് പ്രധാനമന്ത്രിക്ക് ജാക്കറ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രോട്ടോക്കോളുകൾ പ്രകാരം ഞങ്ങൾ വിവിധ ഫാബ്രിക്, കളർ ഓപ്ഷനുകൾ അയച്ചുകൊടുത്തു. 9 നിറത്തിലുള്ള ജാക്കറ്റുകളാണ് നൽകിയത്. അതിൽ നിന്നാണ് നീല തിരഞ്ഞെടുത്തത്. ഇന്ത്യൻ എനർജി വീക്കിൽ ഐ ഒ സി എൽ ചെയർമാൻ പ്രധാനമന്ത്രി മോദിക്ക് ജാക്കറ്റ് സമ്മാനിക്കുകയായിരുന്നു. അമ്പരപ്പും സന്തോഷവും അഭിമാനവും എല്ലാം തോന്നിയ നിമിഷമായിരുന്നു അത്. പ്രധാനമന്ത്രി ആ ജാക്കറ്റ് പാർലമെന്‍റിൽ ധരിച്ചെത്തിയപ്പോൾ അത് വൈറലായി. വല്ലാത്തൊരു വികാരമായിരുന്നു അപ്പോൾ തോന്നിയത്. 

4 ഇന്ത്യയിലെ പ്ലാസ്റ്റിക് സാഹചര്യത്തെ എങ്ങനെ നേരിടാം എന്നാണ് അഭിപ്രായം?

വിവിധ തരത്തിലാണ് പ്ലാസ്റ്റിക്കുകൾ ഉള്ളത്. നമുക്ക് അവയെ ഭാഗികമായി മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. അതേസമയം തന്നെ പ്ലാസ്റ്റിക് ആവശ്യമാണ് എന്നത് മറ്റൊരു വസ്തുതയുമാണ്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കുകളുടെ കാര്യത്തിൽ ശരിയായ നിർമാർജന രീതി ആവശ്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനും സംസ്കരിക്കുന്നതിനും പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഒരുവശത്ത് പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യുമ്പോൾ, നമ്മൾ അവ എങ്ങനെ വലിച്ചെറിയുന്നു, അത് വീണ്ടും എങ്ങനെ റീസൈക്ലറിലേക്ക് വരുന്നു എന്നതാണ് പ്രശ്നം. വ്യവസായം കൊണ്ട് മാത്രം അത് ചെയ്യാൻ കഴിയില്ല. പൊതുസമൂഹത്തിനും സർക്കാരിനും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വം ഉണ്ട്.

5 ഭാവി പ്രോജക്ടുകൾ?

ഓൺലൈനിലും ആമസോണിലും ഫ്ലിപ്കാർട്ടിലും മാത്രമാണ് നിലവിൽ ഞങ്ങൾ പ്രവർത്തിക്കുന്നത്. ചില്ലറ വിൽപ്പനയെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. സുസ്ഥിര വസ്ത്രങ്ങളുടെ ഈ സന്ദേശം ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുക എന്നതാണ് ആശയം. മറ്റ് കാര്യങ്ങൾ ഭാവിയിൽ തീരുമാനിക്കും.

മണിരത്നത്തിന്‍റെ 'ഗുരു'വും പാര്‍ലമെന്‍റിലെ പ്രധാനമന്ത്രിയുടെ 'ജാക്കറ്റും' പിന്നെ സെന്തില്‍ ശങ്കറെന്ന സംരംഭകനും

click me!