
ദില്ലി : ബിബിസി ദില്ലി, മുംബൈ ഓഫീസുകളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ന്യായീകരണവുമായി ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനാണെന്നും സർക്കാർ ഏജൻസികളിപ്പോൾ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് റെയ്ഡിനെ കുറിച്ച് ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പ്രതികരിച്ചത്. എല്ലാ സ്ഥാപനങ്ങൾക്കും അവസരങ്ങൾ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ രാജ്യം നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇൻകംടാക്സ് വിഭാഗം അവരുടെ ജോലി ചെയ്യട്ടെ, ബിബിസി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ഭയക്കുന്നതെന്തിനെന്ന ചോദ്യവും ബിജെപി ഉയർത്തി. ബിബിസിയിലെ റെയ്ഡിനെതിരെ രംഗത്തെത്തിയ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ച കാലവും ബിജെപി ഓർമ്മിപ്പിച്ചു.
ബിബിസി ഓഫീസ് റെയ്ഡ്; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ്
2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ദില്ലി, മുംബൈ ഓഫീസുകളിൽ ഇൻകംടാക്സ് വിഭാഗം പരിശോധനക്കെത്തിയത്. രാവിലെ 11:30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ ഭാഷ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നതായാണ് വിവരം.
ഇതിനിടെ, ബിബിസിയിലെ റെയ്ഡിനെ അപലപിച്ച് കോൺഗ്രസും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് പ്രതികരിച്ചു. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി ഇന്ത്യയിൽ സെൻസർ ചെയ്തതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴുള്ള റെയ്ഡ് പ്രതിപക്ഷത്തിൻറെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. അദാനി വിഷയത്തിൽ അന്വേഷണം നടത്താതെ ബിബിസിക്ക് പിന്നാലെ സർക്കാർ നീങ്ങുന്നതെന്തിനെന്ന് കോൺഗ്രസും സിപിഎമ്മും ചോദിക്കുന്നു.
സർക്കാരിനെ വിമർശിക്കുന്നവരെ പിന്തുടരുന്ന ശൈലിയുടെ ആവർത്തനമെന്ന് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ അഴിമതി സ്ഥാപനമാണ് ബിബിസിയെന്ന ആരോപണത്തോടെയുള്ള ബിജെപി പ്രതിരോധവും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
അദാനി വിഷയത്തിൽ സുപ്രീംകോടതി അന്വേഷണം തീരുമാനിക്കാനിരിക്കെയാണ് സർക്കാർ ബിബിസി വിവാദം വീണ്ടും സജീവമാക്കുന്നത്. ഒരു വിദേശമാധ്യമത്തിനെതിരായ ഇത്തരം നീക്കം അസാധാരണമാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി രാജ്യാന്തര തലത്തിൽ ക്ഷീണമായ പശ്ചാത്തലത്തിൽ തിരിച്ചടി നൽകി അണികളുടെ വികാരം തണുപ്പിക്കാൻ കൂടിയാണ് ബിജെപിയുടെ ശ്രമം.
>