Latest Videos

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

By Web TeamFirst Published May 1, 2024, 10:24 AM IST
Highlights

ഹോലെനരസിപുര സ്റ്റേഷനിൽ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ തുടരുകയാണ്. 

ദില്ലി: ലൈംഗികാതിക്രമ പരാതിയിൽ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കും അച്ഛനും എംഎൽഎയുമായ രേവണ്ണയ്ക്കും സമൻസയച്ച് പ്രത്യേകാന്വേഷണസംഘം. രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനൊരുങ്ങുകയാണ് എസ്ഐടി ഉദ്യോഗസ്ഥർ. ഇരകളാക്കപ്പെട്ട സ്ത്രീകളെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നതും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമൻസയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീലവീഡിയോകളിൽ വിശദീകരണം നൽകണമെന്നും സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാങ്ക്ഫർട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതിൽ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് എഡിജിപി ബികെ സിംഗിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം. ഫ്രാങ്ക്ഫർട്ടിൽ വിമാനമിറങ്ങി എന്നല്ലാതെ അവിടെ നിന്ന് പ്രജ്വൽ എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തിൽ ഇത് വരെ പൊലീസിന് ഒരു വിവരവുമില്ല.

ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ ഒരാളെ തിരിച്ച് ഇന്ത്യയിലേക്ക് നാടുകടത്താൻ ജർമൻ ഫെഡറൽ പൊലീസിനെ വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായത്തോടെ വിവരമറിയിക്കണം. നാടുകടത്തേണ്ട തരം കുറ്റമാണ് പ്രതി ചെയ്തതെന്ന് ഫെഡറൽ പൊലീസിന് ബോധ്യപ്പെട്ടാൽ ലോക്കൽ ഫോറിനർ റജിസ്ട്രേഷൻ ഓഫീസിനെ വിവരമറിയിച്ച് പ്രതിയെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുക്കും. ഫെഡറൽ പൊലീസിന് കൈമാറും.

അവിടെ നിന്ന് ഫെഡറൽ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വിമാനമാർഗം പ്രതിയെ ഇന്ത്യയിലെത്തിച്ച് തദ്ദേശീയ പൊലീസിന് കൈമാറും. ഈ നടപടി നീണ്ട് പോകാതിരിക്കാനാണ് സമൻസ് അടക്കമുള്ള നിയമനടപടികൾ എത്രയും പെട്ടെന്ന് എസ്ഐടി തുടങ്ങിയിരിക്കുന്നത്. ഇരകളായ സ്ത്രീകളുടെ മൊഴികൾക്കൊപ്പം ദൃശ്യം പുറത്തെത്തിച്ചു എന്ന് കരുതുന്ന ഡ്രൈവർ അടക്കം സാക്ഷികളായി ഉറച്ച് നിന്നാൽ പ്രജ്വലിനെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയിൽവാസമാകും.

 

 

click me!