എസ്‍പിജി നിയമ ഭേദഗതി പാസ്സാക്കി ലോക്സഭ; രാഷ്ട്രീയം നോക്കിയല്ല തീരുമാനങ്ങളെന്ന് അമിത് ഷാ

By Web TeamFirst Published Nov 27, 2019, 5:38 PM IST
Highlights

എസ്‍പിജി ഭേഗദതി ബില്ല് ലോക്സഭയില്‍ പാസ്സായി. നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. 
 

ദില്ലി: എസ്‍പിജി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇല്ലാതാക്കാനല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഓരോരുത്തരുടേയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഏത് തട്ടിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നത്. രാഷ്ട്രീയം നോക്കിയല്ല നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനങ്ങളെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. എസ്‍പിജി ഭേഗദതി ബില്ല് ലോക്സഭയില്‍ പാസ്സായി. നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. 

എസ‌്‍‍പിജി സ്വർഗത്തിൽ നിന്ന് പൊട്ടിമുളച്ച ഏജൻസിയല്ല. ഗാന്ധി കുടുംബത്തിന്  സി ആർ പി എഫ് സുരക്ഷ നിലനിർത്തിയിട്ടുണ്ട്. സി ആർപിഎഫ് ഉൾപ്പടെയുള്ളവർ തന്നെയാണ് എസ‌്‍ ജിയിലും ഉള്ളത്. നരസിംഹ റാവുവിന് എസ് പി ജി സുരക്ഷ ഒഴിവാക്കിയപ്പോൾ ആരും പ്രതിഷേധിച്ചില്ല.  മൻമോഹൻ സിംഗിന് എസ്‍പിജി സുരക്ഷ ഇല്ലാതായപ്പോഴും ആരും ശബ്ദമുയർത്തിയിട്ടില്ല. 

ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് മുമ്പ് എസ്‍‍പിജി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്.  പ്രധാനമന്ത്രിക്കാണോ ഒരു കുടുംബത്തിനാണോ സുരക്ഷനൽകേണ്ടത്? ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തത്. ഓരോരുത്തർക്കും ഉള്ള ഭീഷണി വിലയിരുത്തിയാണ് സുരക്ഷ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. എല്ലാ മുഖ്യമന്ത്രിമാർക്കും ഇസഡ് പ്ളസ് സുരക്ഷയില്ല. 

എസ‌്‍പിജിയെ  അറിയിക്കാതെ ഗാന്ധികുടുംബം ഇന്ത്യയിലും വിദേശത്തുമായി 600ലധികം യാത്രകള്‍ നടത്തി. സുരക്ഷാ ജീവനക്കാരെ അവര്‍ എന്തുകൊണ്ട് കൂടെ കൊണ്ടുപോകുന്നില്ല?സൂപ്പർ ബൈക്കുകളിൽ ഗാന്ധി കുടുംബാംഗങ്ങള്‍ അമിത വേഗതയിൽ സഞ്ചരിക്കാറുണ്ടെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. 


 

click me!