
ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. ഇരുപതോളം പേർ ചികിത്സയിലാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മധ്യപ്രദേശിൽ വ്യാജ മദ്യ ദുരന്തമുണ്ടാകുന്നത്. തിങ്കളാഴ്ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലുള്ളവർ മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും. ഒക്ടോബറിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ 16 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു.
കഴിഞ്ഞ മെയ്യിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യ മാഫിയ ആളുകളെ കൊല്ലുന്നത് തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വിമർശിച്ചു. ഇനിയും എത്ര കാലം മദ്യ മാഫിയയെ ഇതിന് അനുവദിക്കുമെന്നും കമൽ നാഥ് ട്വിറ്ററിലൂടെ ശിവരാജ് സിങ് ചൗഹാനോട് ചോദിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യം വിറ്റവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam