ബഹിരാകാശ വിപണി കീഴടക്കാൻ എസ്എസ്എൽവി; പരീക്ഷണ വിക്ഷേപണം ഇന്ന്, പൂർണ സജ്ജമെന്ന് ഐഎസ്ആർഒ

Published : Feb 10, 2023, 05:43 AM ISTUpdated : Feb 10, 2023, 09:28 AM IST
ബഹിരാകാശ വിപണി കീഴടക്കാൻ എസ്എസ്എൽവി; പരീക്ഷണ വിക്ഷേപണം ഇന്ന്, പൂർണ സജ്ജമെന്ന് ഐഎസ്ആർഒ

Synopsis

മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക.34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്‍റെ ഭാരം 120 ടണ്ണാണ്.

തിരുവനന്തപുരം : ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കന്പനി അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. 
എന്നാൽ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ഇസ്രൊ പ്രതീക്ഷിക്കുന്നില്ല.

 

ബഹിരാകാശ വിപണി കീഴടക്കാനായി ഐഎസ്ആർഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. ആദ്യ വട്ടം പാളിയെങ്കിലും രണ്ടാം വട്ടം എല്ലാ ശരിയാക്കാനുള്ള പ്രയത്നത്തിലാണ് പുതിയ വിക്ഷേപണ വാഹനത്തിന് പിന്നിലെ സംഘം. ‌

 

പിഎസ്എൽവിയുടെയോ ജിഎസ്എൽവിയുടെയോ എൽവിഎം3യുടെയോ അത്ര കരുത്തനല്ല ഇത്. ഉയരം കൊണ്ടോ ഭാരവഹന ശേഷി കൊണ്ടോ ഇസ്രൊയുടെ മറ്റ് റോക്കറ്റുകളുമായി ഒരു താരതമ്യം പോലും പാടില്ല.സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ പക്ഷേ അത്ര സ്മോളുമല്ല. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്‍റെ ഭാരം 120 ടണ്ണാണ്.500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്‍എൽ‍വിക്ക്

മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഒന്നാംഘട്ടം: 94.3 sec.രണ്ടാം ഘട്ടം: 113.1 sec. മൂന്നാം ഘട്ടം: 106.9 sec.മൂന്ന് ഘട്ടത്തിലും ഉപയോഗിക്കുന്നത് ഖര ഇന്ധനം മാത്രം. Hydroxyl-terminated polybutadiene.ആണ് ഈ ഖര ഇന്ധനം.

മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്. ഇതാണ് വെലോസിറ്റി ട്രിമ്മിംഗ് മൊഡ്യൂൾ.ഉപഗ്രഹത്തെ കൃത്യമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനാണ് ഈ ഘട്ടം ഉപയോഗിക്കുന്നത്.

ആദ്യ ദൗത്യം പരാജയപ്പെടാൻ കാരണം രണ്ടാം ഘട്ടം റോക്കറ്റിൽ നിന്ന് വേർപ്പെട്ടപ്പോൾ ഉണ്ടായ വിറയിലും അത് കാരണം സോഫ്റ്റ്‍വെയറിലുണ്ടായ ഒരു ആശയക്കുഴപ്പവുമാണ്.സോഫ്റ്റ്‍വെയർ നിർദ്ദേശം കാരണം വെലോസിറ്റി ട്രിമ്മിംഗ് മൊഡ്യൂൾ പ്രവർത്തിച്ചതും ഇല്ല. എന്തായാലും തെറ്റിൽ നിന്ന് പാഠം ഉൾക്കൊണ്ട് വേണ്ട മാറ്റങ്ങൾ ഇസ്രൊ വരുത്തിക്കഴിഞ്ഞു.

ഇസ്രൊയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്‍എൽവി, എറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന റോക്കറ്റും. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ ദിവസങ്ങൾകൊണ്ട് റോക്കറ്റ് തയ്യാറാക്കാം.അത് കൊണ്ട് തന്നെ പുതിയ ബഹിരാകാശ വിപണിയിൽ എസ്എസ്എൽവി ഒരു നിർണായക ശക്തിയായിരിക്കും.ഇനി കാത്തിരിപ്പ് വിജയകരമായ ദൗത്യത്തിന് വേണ്ടിയാണ്.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'