
ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ (Dalit Officer) മർദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി (Tamil Nadu Transport Minister) ആർ എസ് രാജകണ്ണപ്പനെ (R S Rajakannappan) മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മർദ്ദിച്ചത്. പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് ഗതാഗത വകുപ്പിന്റെ ചുമതലയെന്ന് രാജ്ഭവൻ പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. രാജാക്കണ്ണപ്പനെ പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി 'ശിക്ഷ' നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങൾ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്.
ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇതേറ്റെടുത്ത ബിജെപി, പട്ടികജാതി കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ മന്ത്രിയെ മാറ്റുകയായിരുന്നു.
സേലം കടായപ്പടിയിൽ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാകുന്നത് തടയാൻ ഡിഎംകെ കൗൺസിലമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിലും സ്റ്റാലിൻ ഇടപെട്ടിരുന്നു. കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ് അണികൾ വഴങ്ങിയതും പിന്നാലെ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും.
അതേസമയം നാല് ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മടങ്ങിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപവുമായാണ്. സംസ്ഥാന സർക്കാർ പ്രമുഖ നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് നാട്ടിലേക്ക് മടങ്ങുന്ന 14,700 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെന്നൈ പെരുങ്കുടിയിലുള്ള വേൾഡ് ട്രേഡ് സെന്ററിൽ ആമസോൺ ഇന്ത്യയുടെ പുതിയ ഓഫീസും സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
യുഎഇ സന്ദർശനത്തോടെ 6100 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലെത്തിച്ച് എം കെ സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ (M K Stalin) നാല് ദിവസത്തെ യുഎഇ (UAE) സന്ദർശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തിയത് 6,100 കോടി രൂപയുടെ നിക്ഷേപം (Investment). 14,700 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മുൻനിര നിക്ഷേപകരുമായി കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായി യുഎഇ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ നിക്ഷേപിക്കും. നോബൽ സ്റ്റീൽസ് 1000 കോടി രൂപയും ടെക്സ്റ്റൈൽസ് മേഖലയിലുള്ള വൈറ്റ് ഹൗസ് 500 കോടി രൂപയും നിക്ഷേപിക്കും. ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 കോടി രൂപയും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ 500 കോടി രൂപയും ഷറഫ് ഗ്രൂപ്പ് 500 കോടി രൂപയും നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ യാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും ഇതൊരു "ഫാമിലി പിക്നിക്" മാത്രമാണെന്നുമുള്ള, സംസ്ഥാനത്തിന്റെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആരോപണം സ്റ്റാലിൻ തള്ളി. തന്റെ യാത്ര "വിജയകരമായിരുന്നു" എന്നും വീട്ടിലേതിന് സമാനമായ പ്രതീതി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് നിരവധി നിക്ഷേപകരെ താൻ ക്ഷണിച്ചിട്ടുണ്ടെന്നും അവർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം സർക്കാർ സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുമെന്നും ഉദ്യോഗസ്ഥർ നിരന്തരം വികസനം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.