Latest Videos

'തലോജ ജയിലിലെ ചികിത്സയേക്കാൾ ഭേദം മരണം', ജാമ്യാപേക്ഷ പരിഗണിക്കവേ സ്റ്റാൻ സ്വാമി

By Web TeamFirst Published May 21, 2021, 5:37 PM IST
Highlights

എൺപത്തിനാലുകാരനായ സ്റ്റാൻ സ്വാമിയെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ജസ്റ്റിസ് എസ് ജെ കഥാവാല, എസ് പി താവ്‍ഡെ എന്നീ ജഡ്ജിമാർക്ക് മുമ്പാകെ ഹാജരാക്കിയത്. അദ്ദേഹത്തിന്‍റെ ഇടക്കാലജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

മുംബൈ: തനിക്ക് നവി മുംബൈയിലെ മുംബൈ തലോജ ജയിലിൽ നരകജീവിതമാണെന്ന് എൽഗാർ പരിഷദ് സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി. തലോജ ജയിലിലെത്തിയ കഴിഞ്ഞ എട്ട് മാസമായി തന്‍റെ ആരോഗ്യം തീരെ മോശമായെന്നും എൺപത്തിനാലുകാരനായ സ്റ്റാൻ സ്വാമി മുംബൈ ഹൈക്കോടതിക്ക് മുമ്പാകെ പറഞ്ഞു. ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാൻ സ്വാമി കോടതിയോട് പറഞ്ഞു. 

എൺപത്തിനാലുകാരനായ സ്റ്റാൻ സ്വാമിയെ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ജസ്റ്റിസ് എസ് ജെ കഥാവാല, എസ് പി താവ്‍ഡെ എന്നീ ജഡ്ജിമാർക്ക് മുമ്പാകെ ഹാജരാക്കിയത്. അദ്ദേഹത്തിന്‍റെ ഇടക്കാലജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

മുംബൈയിലെ ജെ ജെ ആശുപത്രിയിൽ സ്റ്റാൻ സ്വാമിയെ പരിശോധിച്ചതിന്‍റെ റിപ്പോർട്ടുകൾ ജയിലധികൃതർ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. സ്റ്റാൻ സ്വാമിയുടെ രണ്ട് ചെവിയുടെയും കേൾവിശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വാമിയുടെ കാൽമുട്ടിന് വിറയൽ ഉണ്ട്, കാലിന് മുകളിലേക്ക് തളർച്ചയുമുണ്ട്. അതിനാൽ സ്റ്റാൻ സ്വാമിക്ക് നടക്കാൻ വാക്കിംഗ് സ്റ്റിക്കോ, വീൽച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വാമിയുടെ പൾസ് റേറ്റ് ഉൾപ്പടെയുള്ളവ സാധാരണ നിലയിലാണെന്നും ആശുപത്രി റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ ജയിലിൽ തനിക്ക് നരകജീവിതമാണെന്ന് സ്റ്റാൻ സ്വാമി കോടതിയോട് പറഞ്ഞു. ''എട്ട് മാസം മുമ്പാണ് എന്നെ ഇവിടെ എത്തിച്ചത്. തലോജയിലേക്ക് വരുന്നതിന് മുമ്പ് എന്‍റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാൽ ഈ എട്ട് മാസത്തിനകം എന്‍റെ ശരീരം തളർന്നു തുടങ്ങി. എട്ട് മാസം മുമ്പ് എനിക്ക് ഒറ്റയ്ക്ക് കുളിക്കാമായിരുന്നു. സ്വന്തമായി നടക്കാമായിരുന്നു. എഴുതാമായിരുന്നു. എന്നാലിന്ന് ഇതൊന്നും പറ്റുന്നില്ല. നടക്കാനാകുന്നില്ല. ഭക്ഷണം ആരെങ്കിലും സ്പൂണിൽ തരേണ്ട സ്ഥിതിയാണ്'', എന്ന് സ്റ്റാൻ സ്വാമി പറയുന്നു. 

ജെജെ ആശുപത്രിയിലേക്ക് തിരികെ പ്രവേശിക്കേണ്ടതുണ്ടോ എന്ന് കോടതി സ്റ്റാൻ സ്വാമിയോട് ചോദിച്ചു. എന്നാൽ ജെജെ ആശുപത്രിയിൽ തനിക്ക് നൽകുന്ന ചികിത്സയെന്തെന്ന് അറിയാമെന്നും, അവിടേക്ക് പോയിട്ട് കാര്യമില്ലെന്നും സ്റ്റാൻ സ്വാമി പറയുന്നു. 

''ഇവിടത്തെ ചികിത്സയേക്കാൾ ഭേദം മരണമാണ്. മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കൾക്ക് നടുവിൽ വച്ചാണെങ്കിൽ ഭേദം'', എന്ന് സ്റ്റാൻ സ്വാമി കോടതിയോട് പറഞ്ഞു. പാർക്കിൻസൺസ് രോഗവും, പ്രായാധിക്യം മൂലമുള്ള മറ്റ് രോഗങ്ങളും സ്റ്റാൻ സ്വാമിയെ അലട്ടുന്നുണ്ട്. 

ആശുപത്രിയിലേക്ക് സ്റ്റാൻ സ്വാമിയെ മാറ്റുന്ന കാര്യമാണ് പരിഗണിച്ചതെന്നും, ജാമ്യം ഇപ്പോൾ പരിഗണിക്കണോ എന്ന് പിന്നീടാലോചിക്കാമെന്നും കോടതി വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 7-ന് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. 

click me!