'ജനങ്ങളോട് ലേശം ആത്മാര്‍ത്ഥയുണ്ടെങ്കിൽ സ്വന്തം നിലയിൽ നികുതി കുറയ്ക്കൂ': സംസ്ഥാനങ്ങളോട് പെട്രോളിയംമന്ത്രി

By Web TeamFirst Published May 23, 2022, 5:03 PM IST
Highlights

കേന്ദ്ര സർക്കാർ കുറച്ചതിൻ്റെ ആനുപാതികമായിട്ടുള്ള കുറവ് മാത്രമാണ് കേരളത്തിലടക്കം വരുത്തിയിരിക്കുന്നത്. 

ദില്ലി: കേന്ദ്രസർക്കാർ രണ്ടാം വട്ടവും ഇന്ധനനികുതി കുറച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവത്ത സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ജനങ്ങളോട് അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ഹർദീപ് സിംഗ് പുരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കുറച്ചതിൻ്റെ ആനുപാതികമായിട്ടുള്ള കുറവ് മാത്രമാണ് കേരളത്തിലടക്കം വരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ നികുതി കുറച്ചതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം ഇന്ധനനികുതി വിവാദത്തിൽ മുൻ നിലപാട് ആവർത്തിക്കുകയാണ് കേരളത്തിൻ്റെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്‍റെ ഫലമായി കേരളത്തിനു പെട്രോള്‍ നികുതിയില്‍ 2 രൂപ 41 പൈസയുടേയും ഡീസലിന് ഒരു രൂപ 36 പൈസയുടേയും കുറവ് വരും. 2021 നവംബറിനു ശേഷം കേരളം പെട്രോളിന് 3 രൂപ 97 പൈസയും ഡീസലിന് മൂന്നുരൂപ 68 രൂപയും നികുതി കുറച്ചു. 

കേരളത്തിൽ വന്ന നികുതി കുറവിനെ ആനുപാതിക കുറവായി കുറച്ചു കാണരുത്. നികുതി ഘടനയുടെ പ്രത്യേകത കൊണ്ടുതന്നെ നികുതി നിരക്കിൽ കേരളത്തിലും കുറവ് വരുത്തി എന്നു പറയണം. കേരളം പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്‍റേയും ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കെ.എൻ.ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

അതേസമയം സംസ്ഥാനത്ത് പെട്രോളിന് 10 രൂപ 41 പൈസ കുറഞ്ഞുവെന്ന് പ്രഖ്യാപിച്ചിട്ടും പമ്പുകളില്‍ കുറഞ്ഞത് 9 രൂപ 42 പൈസ മാത്രമെന്ന പരാതിയില്‍  വ്യക്തതയായി. നികുതി കുറച്ചുവെങ്കിലും പെട്രോളിന്‍റെ  അടിസ്ഥാന വിലയില്‍ ശനിയാഴ്ച എണ്ണക്കമ്പനികള്‍  79 പൈസ വര്‍ദ്ധന വരുത്തിയതാണ് വില വ്യത്യാസത്തിന് കാരണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി കുറച്ചാലും എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടി ആനുകൂല്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും  ധനമന്ത്രി കുറ്റപ്പെടുത്തി.

ശനിയാഴ്ച പെട്രോളിന് കേന്ദ്രം കുറച്ചത് 8 രൂപ. ആനുപാതികമായി സംസ്ഥാന നികുതിയില്‍ കുറവു വന്നത്  2രൂപ 41 പൈസ. ഫലത്തില്‍ ലിറ്ററിന് 10 രൂപ 41 പൈസ പെട്രോളിന് കുറയേണ്ടതായിരുന്നുവെങ്കിലും അത്രയും കുറഞ്ഞില്ല. 9 രൂപ 40 പൈസ മുതലാണ് പല ജില്ലകളിലും ശരാശരി കുറവു വന്നത്. ഇത്  പെട്രോള്‍ പമ്പുകളിലും  ആശയക്കുഴപ്പമുണ്ടാക്കി. 80 പൈസ മുതല്‍ 1 രൂപ വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ കൊടുക്കേണ്ടി വന്നുവെന്ന് വാഹന ഉടമകളും പരാതിപ്പെട്ടു. 

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച അതേ ദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോളിന്‍റെ അടിസ്ഥാന  വിലയില്‍ 79 പൈസയുടെ വര്‍ദ്ധന വരുത്തിയിരുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതാണ് നികുതിയില്‍ 10 രൂപ 41 പൈസ കുറഞ്ഞിട്ടും പെട്രോള്‍ വില അത്രയും കുറയാതിരുന്നത്. 

അടിസ്ഥാന വിലയില്‍ മാറ്റം വരുത്താത്തതിനാല്‍ പ്രഖ്യാപിച്ച  അതേ ഇളവ് ഡീസലിന് ലഭിക്കുയും ചെയ്തു. ഇതിനു മുമ്പും കേന്ദ്ര സര്‍ക്കാര്‍ വലിയ നികുതി  ഇളവ് പ്രഖ്യാപിച്ച വേളയില്‍ എണ്ണക്കമ്പനികള്‍ അടിസ്ഥാന വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. നികുതി കുറച്ചപ്പോള്‍ പെട്രോളിന്‍റെ അടിസ്ഥാന വില കൂട്ടിയ  എണ്ണക്കമ്പനികളുടെ നടപടിയെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. നികുതി കുറവിന്‍റെ ആനുകൂല്യം ഇല്ലാതാക്കുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.

click me!