കൊവിഡ്: ലോക്ക് ഡൗണും ക‍ർശന നിയന്ത്രണങ്ങളും തുടരണമെന്ന് സംസ്ഥാനങ്ങൾ

By Web TeamFirst Published Apr 7, 2020, 9:37 AM IST
Highlights

 ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്.

ദില്ലി: ലോക്ക് ഡ‍ൗൺ അവസാനിപ്പിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസ‍‍ർക്കാരിനെ തങ്ങളുടെ അഭിപ്രായം അറിയിച്ചു തുടങ്ങി. ലോക്ക് ‍‍‍ഡൗൺ പിൻവലിച്ചാലും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസ‍ർക്കാരിനെ അറിയിച്ചു. ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് ഝാർഖണ്ടും മറ്റുസംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തേണ്ടി വരുമെന്ന് അസം സർക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച സമിതി നടത്തും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് മരണം 114 ആയി. 4421 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായി. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കം 16 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. മുംബൈ നലാസപോരയിലെ ഗര്‍ഭിണിയായ യുവതി തിങ്കളാഴ്ച കൊവിഡ് ബാധിച്ചു മരിച്ചു.

click me!