
അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഉന്ധേല ഗ്രാമത്തിലെ നവരാത്രി ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതിന് പിന്നാലെ ഖേഡ ഡിഎസ്പി രാജേഷ് ഗാധിയ, ഖേഡ ലോക്കൽ ക്രൈംബ്രാഞ്ച് സംഘം എന്നിവർ സ്ഥലത്തെത്തി. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഗ്രാമത്തിലെ പ്രധാന കേന്ദ്രമായ ജങ്ഷനിലാണ് ഗർബ പരിപാടി സംഘടിപ്പിച്ചത്. അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു സമുദായത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് കല്ലേറുണ്ടായത്.
പ്രദേശവാസികളായ ആരിഫ്, സാഹിർ എന്നിവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പരിപാടിക്കിടെ സംഘം ശല്യമുണ്ടാക്കാൻ തുടങ്ങി. പിന്നീട് കല്ലേറുണ്ടായി. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റെന്നും ഡിഎസ്പി രാജേഷ് ഗാധിയ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രാമത്തിൽ പൊലീസിനെ വിന്യസിക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam