
പൂനെ: ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിക്കുന്ന ആറ് വയസുകാരനെ ശകാരിച്ച അധ്യാപിക അറിഞ്ഞിരുന്നില്ല അത് അവന്റെ ജീവിതം താറുമാറാക്കിയ രോഗത്തിന്റെ ലക്ഷണമായിരുന്നെന്ന്. പൂനെയിൽ ഏറെ ആശങ്ക പടർത്തിയ ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായിരുന്നു മസിലുകളിലെ ബലക്ഷയം. ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ താറുമാറായതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് കാലുകളും കൈകളും അനക്കാനാവാതെ ആറ് വയസുകാരൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയത്. ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ ശ്വാസമെടുക്കാനോ സാധിക്കാനാവാതെ വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ചെറിയ രീതിയിൽ പുരോഗതി കാണിക്കുന്നതായാണ് അധ്യാപിക ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജനുവരി ആദ്യവാരത്തിൽ പൂനെയിൽ ഏറെ ആശങ്ക പരത്തി വ്യാപകമാവുന്ന ഗില്ലെയ്ൻ ബാരെ സിൻഡ്രോം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതാണ് ബിബിസിയുടെ പ്രത്യേക റിപ്പോർട്ട്. 160 കേസുകളാണ് ഇതിനോടകം പൂനെയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ, ഐടി ഹബ്ബായ നഗരത്തിലാണ് ഗുരുതര രോഗം പടർന്ന് പിടിക്കുന്നത്. ഇതിനോടകം അഞ്ച് പേരാണ് രോഗബാധിതരായി മരിച്ചത്. 48 രോഗികൾ ഐസിയുവിലും 21 പേർ വെന്റിലേറ്ററിലുമാണ് കഴിയുന്നത്. 38പേർ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. കൈ, കാൽ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഇത് വൈകാതെ തന്നെ പേശികൾക്ക് ബലക്ഷയവും സന്ധികൾ അനക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും എത്തും. രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ കാലുകളും കൈകളും അനക്കാനാവാത്ത അവസ്ഥയിലേക്ക് എത്തും. ലഭിക്കുന്ന ആശുപത്രി ശ്രുശ്രൂഷയുടെ അടിസ്ഥാനത്തിലാണ് രോഗമുക്തി ഏറെ ആശ്രയിക്കുന്നത്. 13 ശതമാനം മുതലാണ് മോർട്ടാലിറ്റി റേറ്റ്.
കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയെ വലച്ച ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന് കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 1990ൽ ചൈനയിലും ഈ ബാക്ടീരിയ വകഭേദം കണ്ടെത്തിയിരുന്നു. കോഴികളിൽ പതിവായി ഈ ബാക്ടീരിയ കണ്ടിരുന്നു. മഴക്കാലങ്ങളിൽ കോഴികളുടേയും താറാവുകളുടേയും വിസർജ്യം അടങ്ങിയ മലിന ജലത്തിൽ ഇറങ്ങിയ കുട്ടികളിലും ഗില്ലെയ്ൻ ബാരെ സിൻഡ്രോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല ഗില്ലെയ്ൻ ബാരെ സിൻഡ്രോം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2014നും 2019നും ഇടയിൽ 150 പേരിൽ രോഗം കണ്ടതായാണ് നിംഹാൻസ് വിശദമാക്കുന്നത്.
ഗില്ലെയ്ൻ ബാരെ സിൻഡ്രോം, രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു, പൂനെയിൽ ആശങ്ക
ശുചിത്വം ഏറെയുള്ള മേഖലകളിൽ വളരെ അപൂർവ്വമായി ആണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം കണ്ടിട്ടുള്ളത്. വാക്സിൻ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam