വിദ്യാര്‍ത്ഥി പ്രതിഷേധം; അഭിജിത് ബാനര്‍ജിയുടെ ഡിലിറ്റ് ദാന ചടങ്ങില്‍ പങ്കെടുക്കാനാകാതെ ഗവര്‍ണര്‍ മടങ്ങി, ബംഗാളില്‍ പുതിയ വിവാദം

By Web TeamFirst Published Jan 28, 2020, 3:35 PM IST
Highlights

ഗവര്‍ണറെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചില്ല. പൊലീസ് സംരക്ഷണയില്‍ ഗവര്‍ണറെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

കൊല്‍ക്കത്ത: കല്‍ക്കട്ട യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറുടെ വാഹനത്തെ എതിരേറ്റത്. ഗവര്‍ണറെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചില്ല. പൊലീസ് സംരക്ഷണയില്‍ ഗവര്‍ണറെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

ഗവര്‍ണര്‍ തിരിച്ചുപോകാതെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഗവര്‍ണര്‍ പിന്‍വാങ്ങി. നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പങ്കെടുക്കുന്ന പരിപാടിയിലാണ് ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ പ്രവേശിപ്പിക്കാതിരുന്നത്. ഗവര്‍ണര്‍ ഇല്ലാതെയാണ് പിന്നീട് നടത്തിയത്. അഭിജിത് ബാനര്‍ജിക്ക് ഡിലിറ്റ് ബിരുദം നല്‍കുന്ന പരിപാടിയായിരുന്നു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ചത്. ഗവര്‍ണര്‍ വരുന്നതിന് മുന്നോടിയായി സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരായി യൂണിവേഴ്സിറ്റിയില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

കേരളത്തില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലും സമാന സംഭവമുണ്ടായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നാരോപിച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പരസ്യമായി വേദിയില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും വിദ്യാര്‍ത്ഥികളും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതോടെ അദ്ദേഹം വേദി വിട്ടു. സംഭവം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തായായിരുന്നു. ഇര്‍ഫാന്‍ ഹബീബ് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

click me!