'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്'; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലീം പ്രഫസര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Nov 21, 2019, 7:04 PM IST
Highlights

ഫിറോസ് ഖാനെ നിയമിച്ചതിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ അവസാനമാകണമെന്നും അദ്ദേഹത്തിന് എത്രയും വേഗം പഠിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്.

ലക്നൗ: മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നതിനിടെ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്. ബുധനാഴ്ച വൈകുന്നേരം നടന്ന മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഫിറോസ് ഖാനെ നിയമിച്ചതിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ അവസാനമാകണമെന്നും അദ്ദേഹത്തിന് എത്രയും വേഗം പഠിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്.

സര്‍വകലാശാലയുടെ പ്രധാന കവാടമായ ലങ്കാ ഗേറ്റില്‍ നിന്ന് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി എന്ന് എഴുതിയ ബാനറിന് പിന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്. 'ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് '  എന്നും ബാനറില്‍ എഴുതിയിരുന്നു. അതേസമയം, ദിവസങ്ങളായി പ്രതിഷേധം മൂലം അടച്ചിരുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്കൃതം വിഭാഗം ഇന്ന് തുറന്നു.

അധ്യാപകരുടെ സാന്നിധ്യത്തില്‍ വൈകുന്നേരം 3.30ഓടെ വിഭാഗത്തിന്‍റെ കെട്ടിടം തുറന്നത്. എന്നാല്‍, വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതിഷേധിക്കുന്നവര്‍ അത് നിരസിച്ചു.  മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെയാണ് സമരം.

നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വിസിക്ക് കത്തെഴുതിയിരുന്നു. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്നാല്‍, സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി പറഞ്ഞു.

അതേസമയം, തനിക്കെതിരെയുള്ള പ്രതിഷേധം തുടര്‍ന്നതിനാല്‍ ഫിറോസ് ഖാന്‍ വാരാണസി വിട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം സ്വന്തം നാടായ ജയ്പൂരിലേക്ക് യാത്ര തിരിച്ചത്. അധ്യാപകന്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇതിന് ശേഷം യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയത്.

click me!