
ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കാറിനെ മറ്റൊരു വാഹനത്തിൽ ഓവര്‍ടേക്ക് ചെയ്തതിന് യുവാക്കൾക്ക് ക്രൂര മര്‍ദനം. കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഉമാരിയയിലാണ് സംഭവം. ബന്ധവ്ഗര്‍ എസ്.ഡി.എം ആയ അമിത് സിംഗ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിലുണ്ടായിരുന്ന തഹസിൽദാര്‍ വിനോദ് കുമാർ, എസ്.ഡി.എമ്മിന്റെ ഡ്രൈവര്‍ നരേന്ദ്ര ദാസ് പനിക തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സബ് ഡിവിഷൽ മജിസ്ട്രേറ്റിനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.
യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽപ്പെട്ട ഒന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ രണ്ട് വാഹനങ്ങളാണുള്ളത്, പിന്നിലെ ഗ്ലാസിൽ എസ്.ഡി.എം എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്ന ഒരു മഹീന്ദ്ര ബൊലേറോയും മറ്റൊരു മാരുതി എക്സ് എല്‍ 6ഉം. കാറിനടുത്ത് നില്‍ക്കുന്ന ഒരാളെ മറ്റൊരാള്‍ വടി കൊണ്ട് അടിക്കുന്നത് കാണാം. മറ്റ് മൂന്ന് പേർ ഇത് നോക്കി നില്‍ക്കുകയും ചെയ്യുന്നു. എക്സ് എല്‍ 6 കാറിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തിരിക്കുന്നുമുണ്ട്.
പ്രകാശ് ദഹിയ, ശിവം യാദവ് എന്നീ യുവാക്കളാണ് എക്സ് എല്‍ 6 കാറിലുണ്ടായിരുന്നത്. തങ്ങളുടെ കാര്‍ എസ്.ഡി.എമ്മിന്റെ വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തതിന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലഞ്ച് പേര്‍ ചേര്‍ന്ന് രണ്ട് പേരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് പ്രകാശ് ദഹിയ പറയുന്ന മറ്റൊരു വീഡിയോ ക്ലിപ്പും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചോര പുരണ്ട ബാന്‍ഡേജ് കൈയിൽ ചുറ്റിയ നിലയിലാണ് ഇയാൾ രണ്ടാമത്തെ വീഡിയോയിൽ സംസാരിക്കുന്നത്.
അതേസമയം സംഭവത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അപലപിച്ചു. മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് നടന്നതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്ത് നല്ലൊരു സര്‍ക്കാറാണ് ഉള്ളതെന്നും പൊതുജനങ്ങളെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും എക്സിൽ കുറിച്ചു. അതേസമയം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് താന്‍ നിരപരാധിയാണെന്നാണ് വാദിക്കുന്നത്. യുവാക്കള്‍ക്ക് മര്‍ദനമേൽക്കാതെ തടയാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam