വിശാലമായി നോക്കുമ്പോൾ എന്റെ തീരുമാനമാണ് ശരി: രാഷ്ട്രീയ നിലപാട് മാറ്റത്തെ കുറിച്ച് സുമലത

By Web TeamFirst Published Apr 16, 2024, 9:37 AM IST
Highlights

കർണാടകയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം ശേഷിക്കേ, മണ്ഡ്യയിലടക്കം ജെഡിഎസ്സിന്‍റെ ഒരു സീറ്റുകളിലും സുമലത ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല

ബെംഗളൂരു: മണ്ഡ്യയിൽ നിന്നുള്ള ആദ്യ ബിജെപി എംപി താനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും, എന്നാൽ എൻഡിഎ സഖ്യകക്ഷി ആയതിനാലാണ് ജെഡിഎസ്സിന് സീറ്റൊഴി‌ഞ്ഞ് കൊടുത്തതെന്നും നിലവിലെ മണ്ഡ്യ എംപിയും അഭിനേത്രിയുമായ സുമലത ഏഷ്യാനെറ്റ് ന്യൂസിനോട്. മണ്ഡ്യയിൽ ചില പ്രവർത്തകർക്കെങ്കിലും തനിക്ക് സീറ്റ് നഷ്ടമായതിൽ അതൃപ്തിയുണ്ട്. പക്ഷേ, മോദിക്ക് വേണ്ടി പ്രചാരണം തുടരുമെന്നും സുമലത വ്യക്തമാക്കുന്നു. കർണാടകയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം ശേഷിക്കേ, മണ്ഡ്യയിലടക്കം ജെഡിഎസ്സിന്‍റെ ഒരു സീറ്റുകളിലും സുമലത ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സുമലതയുള്ള പ്രതികരണം.

ചോദ്യം: സ്വതന്ത്രയായി നിന്നിട്ടും വൻ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റ് എന്തിനാണ് ഒഴിഞ്ഞു കൊടുത്തത്?

ഉത്തരം: 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മണ്ഡ്യയിലെ ബിജെപി പ്രവർത്തകരും പുറത്ത് നിന്ന് എന്നെ പിന്തുണച്ചതാണ്. മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ എന്നെ സഹായിച്ചത് മോദിയുടെ ദീ‌ർഘവീക്ഷണമാണ്. അതിന് നന്ദി പ്രകാശിപ്പിക്കേണ്ടത് എന്‍റെ കടമയാണ്. അവിടെ എന്‍റെ ത്യാഗം എന്നത് ചെറുതാണ്. രാജ്യത്തിന്‍റെ ഭാവിയാണ് പ്രധാനം.

ചോദ്യം: പ്രവർത്തകർക്കിടയിൽ തന്നെ സീറ്റ് ഒഴിഞ്ഞു കൊടുത്തതിൽ അതൃപ്തിയില്ലേ?

ഉത്തരം: ഇത്തവണ മത്സരിച്ചെങ്കിൽത്തന്നെ ഞാൻ ബിജെപി സ്ഥാനാർഥിയായി തന്നെ മത്സരിച്ചേനേ. അവിടെ മത്സരിക്കുന്നത് ഒരു എൻഡിഎ സ്ഥാനാർഥിയാണല്ലോ. താഴേത്തട്ടിൽ നോക്കിയാൽ ചെറിയ അതൃപ്തിയുണ്ടെന്ന് നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷേ വിശാലമായി നോക്കിയാൽ എന്‍റെ തീരുമാനം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചോദ്യം: പാർട്ടിയിൽ എന്താകും ഇനി താങ്കളുടെ ചുമതല, ദൗത്യം?

ഉത്തരം: അങ്ങനെ പദവി നോക്കുന്നയാളല്ല ഞാൻ. പാർട്ടിയെ എന്‍റെ മണ്ഡലത്തിൽ ശക്തിപ്പെടുത്തുക എന്നതാണ് എന്‍റെ ദൗത്യം. മണ്ഡ്യയിൽ നിന്നുള്ള ആദ്യ ബിജെപി എംപിയാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ അവിടെ എൻഡിഎ സഖ്യകക്ഷിയാണല്ലോ മത്സരിക്കുന്നത് എന്നതേ ഞാനാലോചിക്കുന്നുള്ളൂ.

ചോദ്യം: ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസ് നേതാക്കൾക്കൊപ്പം ഒരു കക്ഷിയിൽ നിൽക്കുമ്പോൾ എന്ത് തോന്നുന്നു?

ഉത്തരം: പ്രചാരണത്തിന് ഞാൻ എവിടെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഞാനിത് വരെ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി മാത്രമേ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂ. അത് തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!