
ദില്ലി: ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന ഘട്ടത്തിൽ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വിവരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) യുടെ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ സുപ്രീം കോടതിയിൽ നിന്നുള്ള മറ്റൊരു വാർത്ത ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു എന്നതാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് സുപ്രീംകോടതി നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ ഫുൾകോർട്ട് യോഗത്തിന്‍റേതാണ് തീരുമാനം. ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ചേർന്ന സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തെ ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും. വർമ്മക്കെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തിൽ ചില ജഡ്ജിമാർ ആവശ്യപ്പെട്ടതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം