ദില്ലിയിലെ വായു മലിനീകരണം: കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതി

By Web TeamFirst Published Oct 16, 2020, 3:48 PM IST
Highlights

കമ്മിറ്റിയെ നിയമിക്കുന്നത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
 

ദില്ലി: ദില്ലിയിലെ വായു മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കൃഷി സ്ഥലങ്ങളില്‍ വൈക്കോല്‍ കൂട്ടമായി കത്തിക്കുന്നത് എങ്ങനെ തടയാനാകുമെന്ന് പരിശോധിക്കാന്‍ റിട്ട. ജഡ്ജ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയെ വെച്ച് സുപ്രീംകോടതി. ദില്ലിയിലെ ജനങ്ങളുടെ ആശങ്കയാണ് പ്രധാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ദില്ലി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് എങ്ങനെ തടയാനാകും എന്ന് സമിതി പരിശോധിക്കും. കമ്മിറ്റിയെ നിയമിക്കുന്നത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഒക്ടോബര്‍ 26നായിരിക്കും കേസിന്റെ അടുത്ത വാദം. കമ്മിറ്റിയെ നിയമിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. പരിസ്ഥിതി മലീനകരണ നിയന്ത്രണ ബോര്‍ഡിനാണ് ഉത്തരവാദിത്തമെന്നും അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു.

ദില്ലി വായുമലിനീകരണത്തിന് കാരണം പഞ്ചാബല്ലെന്ന് അവര്‍ വാദിച്ചു. ദില്ലിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണം മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലെ വൈക്കോല്‍ വ്യാപകമായി കത്തിക്കുന്നതാണെന്ന് ദില്ലി സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. 

click me!