
ദില്ലി : സമാജ് വാദി പാർട്ടി നേതാവ് അസംഖാന്റെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന രാംപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നീട്ടിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദ്ദേശം നൽകി. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ നിയമസഭാഗംത്വം നഷ്ടപ്പെട്ട അസംഖാന്റെ ഹർജി നാളെ രാംപൂർ കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് അസംഖാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാംപൂര്‍ കോടതി വിധി നിരീക്ഷിച്ച് തുടര്‍നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ള നിര്‍ദ്ദേശം. നാളെ തന്നെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് രാംപൂര്‍ കോടതിക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബർ 5 നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നാളെ വിജ്ഞാപനമിറക്കാനായിരുന്നു കമ്മീഷന്റെ തീരുമാനം. ഇത് മാറ്റിവെക്കാനാണ് കോടതി നിർദ്ദേശം.
2019 ലെ വിദ്വേഷ പ്രസംഗ കേസിൽ അസം ഖാനെ യുപി കോടതി കഴിഞ്ഞ ദിവസം 3 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിദ്വേഷ പരാമർശ കേസിലാണ് ശിക്ഷ. അസം ഖാൻ ഉൾപ്പെടെ മൂന്നു പേരെ മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെയാണ് യുപി നിയമസഭാ സ്പീക്കർ അസംഖാന്റെ അംഗത്വം റദ്ദാക്കിയത്.
ഉത്തർപ്രദേശിൽ മുൻ മുഖ്യമന്ത്രിയു സമാജ് വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിൻ്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻ പുരി ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം അസം ഖാൻ അയോഗ്യനായ രാം പൂരിലും ഉപതെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക. 8 ന് വോട്ടെണ്ണൽ നടക്കും. ഇതോടൊപ്പം 5 സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam