ഹൈക്കോടതികളിലേക്ക് 68 പേരുകള്‍ ശുപാര്‍ശ ചെയ്ത് കൊളീജിയം; കേന്ദ്രം തിരിച്ചയച്ച പേരുകളും പട്ടികയില്‍

By Web TeamFirst Published Sep 4, 2021, 12:38 PM IST
Highlights

രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷം കേന്ദ്രസര്‍ക്കാര്‍ മടക്കിയ 14 പേരുകളിൽ 12 പേരുകളാണ് വീണ്ടും കൊളീജിയം കേന്ദ്രത്തിന് അയച്ചത്. 

ദില്ലി: കേന്ദ്രം തിരിച്ചയച്ച 14 പേരുകളിൽ 12 പേരുകൾ വീണ്ടും ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ഇതുൾപ്പടെ 68 പേരുകൾ കൊളീജിയം കേന്ദ്രത്തിന് അയച്ചു. രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷം കേന്ദ്രസര്‍ക്കാര്‍ മടക്കിയ 14 പേരുകളിൽ 12 പേരുകളാണ് വീണ്ടും കൊളീജിയം കേന്ദ്രത്തിന് അയച്ചത്. കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ മടക്കിയ കേരള,കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള കെ കെ പോളിന്‍റെ ഉള്‍പ്പടെ രണ്ടുപേരുകൾ വീണ്ടും ശുപാര്‍ശ ചെയ്യണോ എന്നതിൽ കൊളിജീയം പിന്നീട് തീരുമാനമെടുക്കും. 

അതേസമയം ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്രയിൽ ട്രെയിൻ കത്തിച്ച സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് റിപ്പോര്‍ട്ട് നൽകിയ മുൻ ജഡ്ജി യു സി ബാനര്‍ജിയുടെ മകൻ അമിതേഷ് ബാനര്‍ജിയുടെ പേര്  ഈ 12 പേരുടെ പട്ടികയിലുണ്ട്. ഇതുൾപ്പടെ 68 പേരുകളാണ് സെപ്റ്റംബര്‍ 1ന് ചേര്‍ന്ന കൊളീജിയം യോഗത്തിന് ശേഷം ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്രത്തിന് അയച്ചത്. 10 വനിതകൾ ഉൾപ്പടെ 44 അഭിഭാഷകരും ജുഡീഷ്യൽ ഉദ്യോഗസ്ഥരുമാണ് ഈ പട്ടികയിലുള്ളത്. 

കേരള ഹൈക്കോടതിയിലേക്ക് ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത് കെ എ, ബസന്ത് ബാലാജി, അരവിന്ദ് കുമാര്‍ ബാബു, സി ജയചന്ദ്രൻ, സോഫി തോമസ്, പി ജി അജിത്കുമാര്‍, സി എസ് സുധ എന്നിവരുടെ പേരുകളും ഉണ്ട്. സുപ്രീംകോടതിയിലെ പോലെ വനിതാപ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനം കൂടി ഹൈക്കോടതി ജഡ്ജിമാര്‍ക്കായുള്ള ശുപാര്‍ശയിൽ കാണാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!