
ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഭാഗികമായി അടച്ചു. സുപ്രീംകോടതിയിൽ അത്യാവശ്യ കേസുകൾ വീഡിയോ കോണ്‍ഫറൻസിംഗ് വഴി നടത്തും. കേരള ഹൈക്കോടതിയിൽ അടിര പ്രാധാന്യമുളള കേസുകൾ കേൾക്കുക രണ്ട് ദിവസം മാത്രം.
രാവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജഡ്ജിമാരുടെ യോഗത്തിലാണ് സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതി കെട്ടിടം ഇനി ആഴ്ചയിൽ ഒരിക്കൽ മാത്രമെ തുറക്കൂ. ജഡ്ജിമാരും അഭിഭാഷകരും വീടുകളിൽ തന്നെ തുടരും. അത്യവശ്യ കേസുകൾ ഉണ്ടെങ്കിൽ അത് രജിസ്ട്രാറെ അറിയിച്ചാൽ വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി ജഡ്ജിമാര്‍ കേൾക്കും. അഭിഭാഷകര്‍ സുപ്രീംകോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും വിലക്കി.
ഏപ്രിൽ നാല് വരെ കോടതിയിൽ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റിക്കോഡ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് കോടതി ഭാഗികമായി അടച്ചുകൊണ്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് ഇറക്കിയത്. സുപ്രീംകോടതിക്കൊപ്പം വിവിധ ഹൈക്കോടതികളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് കേരള ഹൈക്കോടതി തീരുമാനിച്ചു.
Also Read: കേരള ഹൈക്കോടതി അടച്ചു; അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ്
ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം കേരള ഹൈക്കോടതി അതിനായി പ്രവര്‍ത്തിക്കും. കോടതി അടക്കണമെന്ന സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറൽ അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്‍റെ തീരുമാനം. ഏപ്രിൽ 9 മുതൽ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഇപ്പോഴത്തെ നിലയിൽ മേയ് അവസാനവാരമേ ഹൈക്കോടതി പൂർണ തോതിൽ ഇനി പ്രവർത്തനം തുടങ്ങൂ.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക