വാക്സീന് വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസർക്കാരിനെ 'നിര്‍ത്തിപ്പൊരിച്ച്' സുപ്രീം കോടതി

By Web TeamFirst Published Apr 30, 2021, 1:18 PM IST
Highlights

സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു. ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു.

ദില്ലി: കൊവിഡ് വാക്സീൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. വാക്സീന് രണ്ട് വില നിർണ്ണയിക്കേണ്ട സാഹചര്യം എന്തെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് സംശയമുന്നയിച്ച കോടതി വാക്സീൻ ഉത്പാദനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും നിർദേശിച്ചു.

ഓക്സിജൻ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോ എന്ന് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചു. ഓക്സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേററൻറ് നല്കി വാക്സീൻ വികസനത്തിന് നടപടി എടുത്തുകൂടെ. കേന്ദ്രസർക്കാരിനു തന്നെ നൂറു ശതമാനം വാക്സീനും വാങ്ങി വിതരണം ചെയ്തു കൂടെ എന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് വാക്സീൻ കിട്ടുന്നതിൽ തുല്യത എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. വാക്സീൻ ഉത്പാദനത്തിന് എന്തിന് 4500 കോടി കമ്പനികൾക്ക് നല്കി. പൊതുമേഖലാ  സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിക്കാമായിരുന്നല്ലോ. അമേരിക്കയെക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ വാക്സീന് നല്കണമെന്നും കോടതി ചോദിച്ചു. സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു പ്രതികാര നടപടിയും പാടില്ല. നടപടി എടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കും.

വാക്സീൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റു പ്രതിരോധ കുത്തിവയ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം. സംസ്ഥാനങ്ങൾക്ക് ഓക്ലിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാം. ഓക്സിജൻ സിലിണ്ടറുകൾക്കായി കേഴുന്നവരുടെ ആവശ്യമാണ് കോടതി കേൾക്കുന്നത്. ഓക്സിജൻ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് പറഞ്ഞു. 

അനുവദിച്ച ഓക്സിജൻ എത്തിക്കാൻ ദില്ലി സർക്കാരിന് കഴിയുന്നില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ദില്ലിക്ക് ഓക്സിജൻ എത്തിക്കാൻ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!