
ദില്ലി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബ്രിജ് ഭൂഷണിനു വേണ്ടി ഹരീഷ് സാൽവെയാണ് ഹാജരായത്. തന്നെ കക്ഷി ചേർക്കാതെയാണ് ഹർജി നൽകിയതെന്ന് ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിംഗ് വാദിച്ചു. അതേസമയം, പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ മജിസ്ട്രേറ്റിനു മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി. പ്രായപൂർത്തിയാകാത്ത പരാതിക്കാരിക്കും കേസിലെ മറ്റു പരാതിക്കാർക്കും സുരക്ഷ നൽകിയെന്നും കേന്ദ്രം അറിയിച്ചു.
നിയമപ്രകാരം മൊഴി രേഖപ്പെടുത്തിയത് 4 പേരുടെ മാത്രമാണെന്ന് പരാതിക്കാർ പറഞ്ഞു. ബ്രിജ്ഭൂഷൺ എല്ലാ ദിവസവും ടിവിയിൽ സംസാരിച്ച് താരമാകുന്നു. പരാതിക്കാരുടെ പേര് ബ്രിജ്ഭൂഷൺ വിളിച്ചു പറയുന്നു. കോടതി ഉത്തരവ് നൽകുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട. ഇയാളെ ചികിത്സിക്കാൻ പൊലീസ് സമര പന്തലിൽ എത്തി. അതിക്രമം എന്തിനെന്ന് പോലീസ് മറുപടി പറയണമെന്ന് ബജ്റംഗ് പൂനിയ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറി. നനഞ്ഞ കിടക്ക മാറ്റുന്നതിന് എതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. സമരം ശക്തമായി തുടരും. ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ബജ്റംഗ് പൂനിയ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam