
ദില്ലി: ബീഹാറിലെ തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും സംശയം ഉന്നയിച്ച് സുപ്രീംകോടതി. ഒരു വീട്ടിൽ തന്നെ അൻപത് വോട്ടുകൾ ഉള്ളത് സംശയകരമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പട്ടിക സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്ക് അപ്പീൽ നൽകാൻ നിയമസഹായത്തിന് കോടതി നിർദ്ദേശം നൽകി.
അൻപതിലധികം വോട്ടുകളുള്ള വീടുകൾ വരെ പുതിയ പട്ടികയിലുണ്ടെന്ന് ഹർജിക്കാരനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയപ്പോളാണ് കോടതി നീരീക്ഷണം. 880 വോട്ടർമാർ വരെ ഉള്ള വീടുകൾ ഉണ്ടെന്ന് യോഗേന്ദ്ര യാദവ് വാദത്തിനിടെ പറഞ്ഞു.പട്ടികയിൽ വ്യാപകമായ ഇരട്ടിപ്പുണ്ടെന്നും യാദവ് വ്യക്തമാക്കി. വോട്ടർപട്ടികയിൽ തമിഴിലും കന്നടയിലും വരെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും യാദവ് വാദിച്ചു. ഇതിന് തെളിവ് തരാമെന്നും കമ്മീഷനോട് യാദവ് വ്യക്തമാക്കി.ഈക്കാര്യം കമ്മീഷൻ വിശദിക്കരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
കേസിൽ ഹർജിക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി കമ്മീഷൻ ആരോപിച്ചു. കരട് പട്ടികയിലുണ്ടായിട്ടും ഒഴിവാക്കപ്പെട്ടെന്ന് കാട്ടി ഹർജിക്കാർ നൽകിയ ആളുകളുടെ പേരുകൾ വ്യാജമാണെന്ന് കമ്മീഷൻ വാദിച്ചു. തെറ്റുണ്ടെങ്കിൽ കോടതി അന്വേഷിക്കട്ടെ എന്ന് ഹർജിക്കാർക്കായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീലിൽ നൽകാൻ നിയമസഹായത്തിന് കോടതി ലീഗൽ സർവീസ് അതോറ്റിക്ക് നിർദ്ദേശം നല്കി.
കോടതി നിർദ്ദേശപ്രകാരം നേരത്തെ നിയമിക്കപ്പെട്ട വോളണ്ടിയർമാർ ഇവരെ നേരിട്ട് കണ്ട് ഇതിനായി നടപടികൾ സ്വീകരിക്കണം. ഇതിന്റെ റിപ്പോർട്ട് രണ്ടാഴ്ച്ചയ്ക്ം നൽകാനും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്നിർദ്ദേശിച്ചു. ബീഹാറിലെ പാഠങ്ങൾ രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുണകരമാകുമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസ് ഈമാസം 16ന് വീണ്ടും പരിഗണിക്കും. നാമനിർദ്ദേശപത്രിക നൽകാൻ ഈ മാസം 17 വരെയാണ് അവസാന തീയ്യതി എന്നിരിക്കെ പുതുക്കിയ പട്ടികയിൽ കൂടുതൽ ഇടപെടലിന് കോടതി തയ്യാറായേക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.