
ദില്ലി: രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടേ പേരിന് സമാനമായ പേരുള്ള നിരവധി സ്ഥാനാര്‍ത്ഥികളെ മത്സരാര്‍ത്ഥികളായി കാണാം. ഇത്തരം അപര സ്ഥാനാര്‍ത്ഥികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. നിരവധി തെരഞ്ഞെടുപ്പുകളില്‍ അപര സ്ഥാനാര്‍ത്ഥികള്‍ പിടിച്ച വോട്ട് കാരണം തോറ്റുപോയ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കുറവല്ല. ഇതിനൊരു പരിഹാരം കാണാനായി സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍, ഇടപെടാതെ കോടതി.
രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അപരസ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ചത്. അപരസ്ഥാനാർത്ഥികളെ നിർത്തി തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിയ്ക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോൽപിക്കാൻ എതിർ കക്ഷികൾ ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഗുരുതരമായ വിഷയമെന്ന നിലയിൽ കോടതി ഈക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു വാദിച്ചു.
കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പുകളിൽ പ്രമുഖ സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകൾ കാരണം തോറ്റു പോയതിന്‍റെ രേഖകളും കണക്കുകളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഹർജി പരിഗണിച്ച ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച്, പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകുന്നതിൽ എന്ത് ചെയ്യാനാകുമെന്നായിരുന്നു ചോദിച്ചത്. മാത്രമല്ല പ്രമുഖ സ്ഥാനാർത്ഥിയുടെ പേരുമായി സാമ്യം കൊണ്ട് മറ്റുള്ളവരോട് മത്സരിക്കരുതെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാനില്ലെന്നും ബെഞ്ച് വ്യക്തമാക്കിയതോടെ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പൌരാവകാശ പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam