സോനം വാങ്ചുക്കിൻ്റെ മോചനം ഉടനില്ല; കസ്റ്റഡി ഭാര്യയെ അറിയിക്കാത്തതിൽ കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി; കേസിൽ കക്ഷികൾക്ക് നോട്ടീസ്

Published : Oct 06, 2025, 01:57 PM IST
sonam wangchuk wife gitanjali

Synopsis

ലഡാക്ക് സംഘർഷത്തിൽ തടവിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ലഡാക്ക് ഭരണകൂടത്തിനും നോട്ടീസ് അയച്ചു. 

ദില്ലി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്മോ നൽകിയ ഹെബിയസ് കോർപ്‌സ് ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, ലഡാക്ക് ഭരണകൂടം, രാജസ്ഥാൻ സർക്കാർ എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹർജി വീണ്ടും പരിഗണിക്കും.

വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനോട് ചോദിച്ചു. വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജയിൽ നിയമപ്രകാരം നൽകേണ്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ലഡാക്കിൽ സമാധാനം ഉറപ്പിക്കാൻ അനുനയ നീക്കങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്. വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയിലേക്ക് കടക്കില്ല എന്നുള്ളതാണ് ലേ അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് എന്നിവരുടെ നിലപാട്.

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നിരാഹാര സമരം നയിക്കുകയായിരുന്നു സോനം വാങ്ചുക്. ലഡാക്കിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ ഇദ്ദേഹത്തെ ലഡാക്കിലെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സെപ്തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ 90 പേർക്ക് പരിക്കേറ്റിരുന്നു.

കസ്റ്റഡിയിലെടുത്ത ശേഷം സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് ഇദ്ദേഹത്തെ കാണാൻ സാധിക്കാത്ത വിധത്തിലും ഇദ്ദേഹത്തിൻ്റെ മരുന്നടക്കമുള്ള സാധനങ്ങൾ ഇല്ലാതെയുമായിരുന്നു മാറ്റം. ഈ നടപടി നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും മൗലികാവകാശങ്ങൾ ലംഘിച്ചുവെന്നും കാട്ടിയാണ് ഭാര്യ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ കേസിലെ വാദിക്കാരിയായ ഇവർ കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വിവേക് തൻഖ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സോളിസിറ്റർ ജനറലാണ് കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'