
ദില്ലി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരിനോ മാത്രമേ അപ്പീൽ നൽകാനാകൂ. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്.
അതിനിടെ സുപ്രീം കോടതിയിൽ നിന്നുള്ള മറ്റൊരു വാർത്ത ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു എന്നതാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയോട് സുപ്രീംകോടതി നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ ഫുൾകോർട്ട് യോഗത്തിന്‍റേതാണ് തീരുമാനം. ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ചേർന്ന സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തെ ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ യശ്വന്ത് വര്‍മ്മയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും. വർമ്മക്കെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തിൽ ചില ജഡ്ജിമാർ ആവശ്യപ്പെട്ടതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam