
ദില്ലി: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിൽ കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. കര്‍ണാടക സിറ്റി സിവിൽ ആന്‍ഡ് സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിന്‍റെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചത്. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിര്‍ദേശം നൽകുകയായിരുന്നു. ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി ക്ഷേത്രത്തിലെ നടത്തിപ്പുകാരായ കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ധര്‍മ്മസ്ഥല കൂട്ട ശവസംസ്കാര കേസുമായി ബന്ധപ്പെട്ടും മാധ്യമങ്ങളെ വിലക്കികൊണ്ടുള്ള സിവിൽ കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നൽകിയിരുന്നത്.
നിരവധി സ്ത്രീകളെ മറവുചെയ്തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ ധർമസ്ഥല ക്ഷേത്ര ട്രസ്റ്റാണ് കോടതിയെ സമീപിച്ച് മാധ്യമവിലക്ക് ഉത്തരവ് നേടിയത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ അപകീർത്തികര'മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്.
ബെംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതി ജഡ്‍ജി വിജയ് കുമാർ റായിയുടേതാണ് ഉത്തരവ്. 8842 മാധ്യമ വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാനാണ് ഉത്തരവ് നേടിയിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ മുതൽ യൂട്യൂബർമാർക്ക് വരെ എതിരെയാണ് ഉത്തരവ്. ഹർജിയിൽ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകൾക്ക് മുതൽ റെഡ്ഡിറ്റ് പോസ്റ്റ് ലിങ്കുകൾക്ക് വരെ ഉത്തരവ് ബാധകമാണ്. ഹർജിയിൽ പേരുള്ളതും ഇല്ലാത്തതുമായ എല്ലാ മാധ്യമസ്ഥാപനങ്ങളും ഇനിയൊരുത്തരവ് വരുന്നത് വരെ അപകീർത്തികരമായ വാർത്ത നൽകരുതെന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ കടുത്ത മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായിയിരുന്നു.ഇതിനിടെയാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകളിൽ ഇടപെടണമെന്ന് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. കർണാടകയിൽ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തി കേസുകൾ നൽകുന്നതിൽ നിന്ന് ധർമശാല ട്രസ്റ്റിനെ വിലക്കണം, അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്ന് മാധ്യമങ്ങൾക്ക് കോടതി ഉത്തരവ് നൽകുന്നത് വസ്തുത പരിശോധിച്ചാകണം, നിയമ നടപടികളുടെ വിവരങ്ങൾ നൽകുന്നത് അപകീർത്തിയുടെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കണം എന്നിവയെല്ലാമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.
അതേസമയം, ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു എന്നീ ജില്ലകളിൽ നിന്ന് 20 പൊലീസുദ്യോഗസ്ഥർ അന്വേഷണസംഘത്തിന്‍റെ ഭാഗമാകും. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ നാലംഗ ഐപിഎസ് സംഘത്തെ നേരത്തെ നിയമിച്ചിരുന്നു. ഇതിൽ രണ്ട് പേർ പിൻമാറുകയാണെന്ന് സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നിരിക്കേയാണ് 20 പൊലീസുദ്യോഗസ്ഥരെക്കൂടി അന്വേഷണസംഘത്തിന്‍റെ ഭാഗമാക്കുന്നത്.