അഞ്ച് ന​ഗരങ്ങളിൽ ലോക്ക്ഡൗൺ നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

By Web TeamFirst Published Apr 20, 2021, 1:21 PM IST
Highlights

ഉത്തർപ്രദേശിലെ കൊവിഡ് സാഹര്യം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇന്നലെ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 

ലക്നൗ: ഉത്തർപ്രദേശിലെ അഞ്ച്  നഗരങ്ങളിൽ ലോക്ഡൗൺ നടപ്പാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. യുപി സർക്കാരിന്റെ ഹർജിയിലാണ് നടപടി. രോഗവ്യാപനം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സമർപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി. കുടിയേറ്റ തൊഴിലാളികൾ ദില്ലിയിൽ നിന്ന് മടങ്ങരുതെന്ന് ലഫ്.ഗവർണർ അനിൽ ബെജാൽ ആഭ്യർത്ഥിച്ചു. 

ഉത്തർപ്രദേശിലെ കൊവിഡ് സാഹര്യം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇന്നലെ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ലക്നൗ, വാരാണസി, പ്രയാഗ് രാജ്, കാൺപൂർ, ഗോരഖ്പൂർ എന്നിവിടങ്ങളിൽ സമ്പൂർണ്ണ ലോക്സൗൺ നടപ്പാക്കണമെന്ന്  കോടതി ഉത്തരവിട്ടു.  ഈ ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്.എ ബോഡേ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും രണ്ടാഴ്ച്ചക്കുള്ളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സമർപ്പിക്കാനും  ഇടക്കാല ഉത്തരവിട്ടു. 

ദില്ലിയിലും രാജസ്ഥാനിലും ലോക്ഡൗൺ തുടരുകയാണ്, രാജസ്ഥാനിൽ മെയ് 3 വരെയാണ് നിയന്ത്രണം. പഞ്ചാബിലും ബീഹാറിലും ജമ്മു കശ്മീരിലും  നിയന്ത്രങ്ങൾ ഉണ്ട്.  കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ ദില്ലിയിൽ നിന്ന് മടങ്ങുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ലഫ്. ഗവർണ‌ർ ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ താല്ക്കാലികം എന്ന് വ്യക്തമാക്കിയ ഗവർണ്ണർ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ  നോഡൽ ഓഫീസർമാരെ നിയമിച്ചു.

click me!