
ദില്ലി: ഉന്നാവ് ബലാത്സംഗ കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് പുറത്ത്. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയുന്നത് എന്ന് സുപ്രീംകോടതി. കസ്റ്റഡിയിൽ നിന്ന് പ്രതിയായ കുൽദീപ് സെൻഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കാം. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ റദ്ദാക്കാറില്ല. എന്നാൽ, ഉന്നാവ് ബലാത്സംഗ കേസിൽ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം. കേസിൽ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങൾ നൽകുന്നതും അഭിഭാഷകയായ യോഗിത ആണ്.
ഹീനമായ കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതിയിലാണ്. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി എന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിൻ്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസിൽ താഴെയുള്ളപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പൊതു സേവകൻ എന്ന പരിധിയിൽ വരുമോ എന്ന ചോദ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെങ്കിൽ പൊതു സേവകൻ ആണോ അല്ലയോ എന്നത് കണക്കിലെടുക്കേണ്ടതില്ല. ജീവപര്യന്തം ശിക്ഷ എന്നതിന് ഇവിടെ സാധുതയുണ്ട്. ഇതിൽ പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്ന് സിബിഐ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam