
ദില്ലി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സ്വവർഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികൾക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നൽകുന്ന വിഷയം പാർലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ പാർലമെൻറ് ഇതിൽ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങൾ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹർജിക്കാർ വാദിച്ചു. വിവാഹത്തിന് സാധുത നൽകിൽ കുട്ടികളെ ദത്തെടുക്കുന്നത് പോലുള്ള വിഷയങ്ങളിലും കോടതി മാർഗരേഖ നൽകണമെന്ന ആവശ്യവും ഉയർന്നു. കേന്ദ്രം അഭിപ്രായം ചോദിച്ചെങ്കിലും കേരളം ഉൾപ്പെട പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചില്ല. ജമാഅത്ത് ഉലമ, അഖിലേന്ത്യാ സന്ന്യാസി സമിതി തുടങ്ങിയ മത സംഘടനകൾ സ്വവർഗ വിവാഹത്തെ എതിർക്ക് കേസിൽ കക്ഷി ചേർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam