
ദില്ലി: പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് ലോക്സഭയിൽ നിന്നും മഹുവ അയോഗ്യയാക്കപ്പെട്ടത്.
അതേസമയം, മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. എന്നാൽ ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്ന് മഹുവ മൊയ്‌ത്ര അറിയിച്ചു.
ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ, മുന്‍ പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ പണം വാങ്ങിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ് മൂലത്തിലും പറയുന്നില്ല. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പാര്‍ലമെന്‍റ് പോര്‍ട്ടലിന്‍റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം. ഇക്കാര്യങ്ങള്‍ പറയാന്‍ എത്തിക്സ് കമ്മിറ്റി അവസരം നല്‍കിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹുവ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam