മോദിയും ചീറ്റപ്പുലിയും, ശരീരത്തിൽ ചിത്രങ്ങൾ ടാറ്റുവാക്കി സ്ത്രീകൾ കാത്തിരിക്കുന്നു; ആഘോഷങ്ങൾക്ക് പിന്നിൽ!

By Web TeamFirst Published Sep 28, 2022, 4:41 PM IST
Highlights

നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമാകുക എന്ന ലക്ഷ്യം വച്ച് കൂടിയാണ് നരേന്ദ്രമോദി ഗുജറാത്തിലെത്തുന്നത്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ മുതുകിൽ വരച്ചുള്ള സ്ത്രീകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്താണ് ഈ ചിത്രങ്ങൾ വരച്ചുള്ള ആഘോഷങ്ങൾക്ക് പിന്നിലെന്ന ചോദ്യമാകും കാണുന്നവർക്ക് ആദ്യമുണ്ടാകുക. ഗുജറാത്തിലെ സൂറത്തിലുള്ള സ്ത്രീകളാണ് മോദിയുടെ ചിത്രം മുതുകിൽ വരച്ച് ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നത്. വെറുതെയല്ല, ഈ സ്ത്രീകൾ ശരീരത്തിൽ മോദിയുടെ ചിത്രങ്ങൾ വരച്ച് കാത്തിരിക്കുന്നത്. നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമാകുക എന്ന ലക്ഷ്യം വച്ച് കൂടിയാണ് നരേന്ദ്രമോദി ഗുജറാത്തിലെത്തുന്നത്. പ്രധാനമന്ത്രി എത്തുന്നതോടെ ഇവിടെ നവരാത്രി ആഘോഷങ്ങൾ പൊടിപൊടിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാണ് ഈ സ്ത്രീകൾ ശരീരത്തിൽ മോദിയുടെ ചിത്രം വരച്ച് ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നത്.

മോദിക്കൊപ്പം ചീറ്റ പുലികളുടെ ചിത്രവും ഈ സ്ത്രീകൾ ശരീരത്തിൽ വരച്ചിട്ടുണ്ട്.  മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലെത്തിച്ചിരുന്നു. മോദി തന്നെയാണ് ചീറ്റകളെ കൂടുതുറന്ന് വിട്ടതും. ഇന്ത്യയുടെ അഭിമാനനിമിഷം എന്നായിരുന്നു ചീറ്റകളെ കൊണ്ടുവരാനായതിനെക്കുറിച്ച് മോദി അന്ന് പറഞ്ഞത്. അതുകൊണ്ടാണ് മോദിക്കൊപ്പം ചീറ്റകളുടെ ചിത്രവും ടാറ്റുവിൽ ഉൾപ്പെടുത്തിയതെന്നാണ് ഇവരുടെ പക്ഷം.

അതേസമയം വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് കൂടിയാണ് പ്രധാനമന്ത്രി ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായെത്തുന്നത്. സെപ്റ്റംബർ 29 നും 30 നുമാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്. സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്കാണ് ആദ്യ പരിപാടി. സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. രാത്രി 9 മണിക്ക് അഹമ്മദാബാദിലെ ജി എം ഡി സി ഗ്രൗണ്ടിൽ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ രാഷ്ട്രീയം ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തുണ്ട്.

click me!