
ദില്ലി: നടന്‍ സുശാന്ത് സിംഗിന്‍റെ മരണം സിബിഐ അന്വേഷിക്കും. ബിഹാർ സർക്കാരിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് വിട്ടത്. കേസ് അന്വേഷണത്തെ ചൊല്ലി ബിഹാർ മുംബൈ പൊലീസിനിടയിലെ പോര് മുറുകുമ്പോഴാണ് കേന്ദ്ര ഇടപെടൽ. സുശാന്തിന്‍റെ അച്ഛൻ പാട്‍ന പൊലീസിൽ നൽകിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാൻ ഇന്നലെയാണ് ബിഹാർ സർക്കാർ ശുപാർശ ചെയ്തത്.
ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. തനിക്കെതിരെ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി പരിഗണിക്കവേയാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. കേസിലെ മുംബൈ പൊലീസിന്‍റെ ഇടപെടൽ കാര്യക്ഷമല്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി അന്വേഷണത്തിനെത്തിയ പാട്‍ന എസ്പിയെ ക്വാറന്‍റീന്‍ ചെയ്‍തത് നല്ല സന്ദേശമല്ല നൽകുന്നതെന്നും വിമർശിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിന് എതിരെ തുടക്കം മുതലേ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. അന്വേഷണത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുശാന്തിന്‍റെ അച്ഛൻ കഴിഞ്ഞ 28 ന് ബിഹാർ പൊലീസിനെ സമീപിച്ചത്. സിബിഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബിഹാർ നിയമസഭയും വിഷയം ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam